തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി പിണറായി വിജയൻ പിതാവിനെ പോലെയാണെന്ന് പറഞ്ഞ അൻവർ സ്വന്തം പിതാവിനെ അപമാനിച്ചിരിക്കുന്നുവെന്നാണ് അബ്ദുറഹ്മാൻ പ്രതികരിച്ചിരിക്കുന്നത്. അൻവറിന്റെ പരാതിയിൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘അൻവർ ഒരു പരാതി പറഞ്ഞു. ആ പ്രശ്നം അവിടെ തീർന്നു. ഇത് സർക്കാരിനോ മുന്നണിക്കോ യാതൊരു പ്രതിസന്ധിയും ഉണ്ടാക്കില്ല. അത് തെറ്റായ ധാരണയാണ്. ഇവിടെ ഏതൊരു പൗരനും പരാതി പറയാനുളള അവകാശമുണ്ട്. അൻവറിന്റെ പരാതിയിൽ കൃത്യമായ നടപടിയുണ്ടാകും. ഒരു ദിവസം കൊണ്ട് നടപടിയെടുക്കാൻ സാധിക്കില്ല. നടപടികൾ എടുത്തുവരികയാണ്. ഒരു വീട്ടിൽ പ്രശ്നമുണ്ടാകുമ്പോൾ സ്വന്തം അച്ഛനെ അപമാനിക്കാൻ പാടുണ്ടോ? ആ രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെങ്കിൽ അത് തെറ്റായ പ്രവണതയാണ്. അൻവർ നടത്തിയ ആക്ഷേപങ്ങൾ മുൻപും പ്രതിപക്ഷം ഉയർത്തിയതാണ്. അത് തെറ്റാണെന്ന് തെളിഞ്ഞതുമാണ്. പ്രതിപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് ശരിയായ രീതിയല്ല’- മന്ത്രി വ്യക്തമാക്കി.
അൻവറിന്റെ ആരോപണങ്ങളിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ വി മോഹൻദാസും പ്രതികരിച്ചു. അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി മാറുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘ജനപ്രതിനിധിയാണെന്ന് ബോധമില്ലാതെയാണ് അൻവർ സംസാരിക്കുന്നത്. ഒരാളിങ്ങനെ തരംതാഴുന്നതിന്റെ നെല്ലിപ്പലക കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്ഷേപങ്ങളും ആരോപണങ്ങളും വസ്തുതാപരമല്ല. വലതുപക്ഷത്തിന്റെ കോടാലിയായി അൻവർ മാറിയെന്ന് തെളിയിച്ചു.