കേരളത്തിൽ സ്വർണവില ഇന്നും റെക്കോർഡിട്ടു. ഗ്രാമിന് 10 രൂപ വർധിച്ചു വില 7,120 രൂപയായി. 56,960 രൂപയാണ് പവൻ വില. 57,000 രൂപയെന്ന നാഴികക്കല്ലിലേക്ക് പവൻ വില ഇനി 40 രൂപ മാത്രം അകലെ.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോള ഓഹരി, കടപ്പത്ര വിപണികൾ നേരിടുന്ന വിൽപനസമ്മർദമാണ് സ്വർണവില കുതിച്ചുകയറാൻ മുഖ്യകാരണം. യുദ്ധം മുറുകുന്നത് രാജ്യാന്തര വ്യാപാരം, ആഗോള സമ്പദ്‍വ്യവസ്ഥ എന്നിവയ്ക്കു തിരിച്ചടിയാകുമെന്ന ഭീതിമൂലം നിക്ഷേപകർ ഓഹരി, കടപ്പത്രങ്ങൾ വിറ്റൊഴിഞ്ഞ്, ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്കു മാറ്റുകയാണ്. ഡിമാൻഡ് കൂടിയതോടെ സ്വർണവില കുതിക്കാനും തുടങ്ങി.
പുറമേ, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങളും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. യുഎസ് കേന്ദ്രബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണു വിലയിരുത്തലുകൾ. പലിശ കുറയുന്നത് യുഎസ് സർക്കാരിൻ്റെ കടപ്പത്രങ്ങളെയും ഡോളറിനെയും ദുർബലപ്പെടുത്തും. ഇതും സ്വർണവില കൂടാൻ ഇടവരുത്തും.