തിരുവനന്തപുരം: കണ്ണൂരിലെ പ്രഗത്ഭനായ സിപിഐഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രംഗത്തെുണ്ടെന്ന് പി വി അൻവർ എംഎൽഎ. സിപിഐമ്മിൻ്റെ പല നേതാക്കളും തൻ്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം അവർക്കാണ്, ഇതിന് രണ്ടിനുമിടയിൽ സ്വതന്ത്രനായി നിൽക്കാനാണ് താത്പര്യം. എന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രതയാണ് സിപിഐഎമ്മിന്. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്രമായി ഇരിക്കാൻ സാധിക്കും വിധം മറ്റൊരു ബ്ലോക്ക് ആക്കട്ടെ. നിയമസഭയില്‍ പിന്നെ താഴെയും ഇരിക്കാം. നല്ല കാർപെറ്റാണ്. ഒരു തോർത്തുമുണ്ടും കൊണ്ടുപോയാൽ സുഖമായി ഇരിക്കാം.
പി ശശി അയച്ച വക്കീൽ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. വന്നിട്ട് മറുപടി പറയാം. കുറഞ്ഞത് നൂറ് കേസെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. എൽഎൽബി ചെയ്യാൻ പറ്റുമോ എന്നാണ് ആലോചിക്കുന്നത്. അതാകുമ്പോൾ സ്വയം വാദിക്കാമല്ലോ എന്നും അൻവർ പരിഹസിച്ചു.
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചെങ്കിലും പി വി അൻവർ നിയമസഭയിലേക്ക് എത്തിയില്ല.