back to top
Wednesday, March 12, 2025
Google search engine
HomeLatest Newsപഞ്ചാബിലെ ആപ് സര്‍ക്കാര്‍ പ്രതിസന്ധിയിൽ; 30ഓളം എം.എല്‍.എമാർ കൂറുമാറുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം

പഞ്ചാബിലെ ആപ് സര്‍ക്കാര്‍ പ്രതിസന്ധിയിൽ; 30ഓളം എം.എല്‍.എമാർ കൂറുമാറുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം

ചണ്ഡീഗഢ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രതിസന്ധിയിലേക്കെന്ന് സൂചന. എ.എ.പിയുടെ മുപ്പതോളം എം.എല്‍.എമാരുമായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബിലെ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചുചേര്‍ത്തു. ചൊവ്വാഴ്ചയാണ് യോഗം. നിലവില്‍ എ.എ.പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്.

മുപ്പതിലധികം എ.എ.പി. എം.എല്‍.എമാര്‍ ഒരുകൊല്ലത്തോളമായി കോണ്‍ഗ്രസുമായി സമ്പര്‍ക്കത്തിലുണ്ടെന്നും അവര്‍ പാര്‍ട്ടി മാറാന്‍ തയ്യാറാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പര്‍താപ് സിങ് ബാജ്‌വ പറഞ്ഞു. നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ആസന്നമായിരിക്കുകയാണ്. തലസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം, ഭഗവന്ത് മാനെ മാറ്റാന്‍ താല്‍പര്യപ്പെടുന്നുണ്ടാകാം. സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാരും പ്രവര്‍ത്തകരും കെജ്‌രിവാളിന്റെ പക്ഷത്താണ്. ലുധിയാന വെസ്റ്റ് നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. പഞ്ചാബ് നിയമസഭയുടെ ഭാഗമാകാന്‍ ആ മണ്ഡലത്തെ കെജ്‌രിവാള്‍ നോട്ടമിടുന്നുണ്ടാകാം, ബാജ്‌വ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ നിരാകരിച്ച് എ.എ.പി. വക്താവ് നീല്‍ ഗാര്‍ഗ് രംഗത്തെത്തി. കെജ്‌രിവാള്‍ ഞങ്ങളുടെ ദേശീയ കണ്‍വീനറാണ്. മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയും. കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംതവണയും ഒരു സീറ്റുപോലും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. 2022-ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ അവര്‍ക്ക് 18 എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് 27-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടുംകുറയും. സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പു നോക്കൂ, എന്താണ് അവരുടെ പ്രകടനം, ഗാര്‍ഗ് ചോദിച്ചു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തതിനെ കുറിച്ചാണ് ബാജ്‌വ ആശങ്കപ്പെടേണ്ടതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി വലിയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്നതായി കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഡല്‍ഹി നേതൃത്വത്തിനെതിരെ തിരിയുമെന്നും വ്യാപകമായി എ.എ.പി. എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്നും ഗുരുദാസ്പുര്‍ എം.പി. സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments