മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു.60 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.അൻപതിലേറെ സിനിമകളിൽ വേഷമിട്ടു. 1983-ൽ ഇറങ്ങിയ അസ്ത്രം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കുള്ള വരവറിയിച്ചു. അച്ഛൻ ബാലൻ കെ.നായരും അസ്ത്രത്തിൽ വേഷമിട്ടിരുന്നു. സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ നല്ലൊരു കർഷകൻ കൂടിയാണ് മേഘനാഥൻ. ചെങ്കോൽ, ഈ പുഴയും കടന്ന്, പഞ്ചാഗ്നി, ചമയം, ഉത്തമൻ, ഉയരങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ചു. നടൻ ബാലൻ കെ.നായരുടെ മകനാണ്. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ഷൊർണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.