അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ആധിപത്യം. രണ്ടാം ഇന്നിങ്സിലും കളി മറന്ന ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 180 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ 337 റണ്‍സടിച്ചു. ഇതോടെ നിര്‍ണായകമായ 157 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡും സ്വന്തമാക്കി. ട്രാവിസ് ഹെഡിന്റെ 140 റണ്‍സാണ് ഓസീസ് ഇന്നിങ്സിനെ കരുത്ത് പകര്‍ന്നത്.
നിലവില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 15 റണ്‍സോടെ നിതീഷ് കുമാര്‍ റെഡ്ഡിയും 28 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ഇത്തവണയും ഇന്ത്യക്ക് നിരാശയാണ് നല്‍കിയത്. ഏഴ് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. 24 റണ്‍സോടെ യശസ്വിയും പുറത്തായി. വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നു. 21 പന്തില്‍ 11 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്‍ 28 റണ്‍സിനും രോഹിത് ശര്‍മ ആറ് റണ്‍സിനും ക്രീസ് വിട്ടു. രണ്ട് പേരും ബൗള്‍ഡാകുകയായിരുന്നു. പാറ്റ് കമ്മിന്‍സും സ്കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി.
അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്ക് 157 റണ്‍സിന്റെ ലീഡ്. രണ്ടാംദിനം ഒരുവിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്നനിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 337 റണ്‍സിന് ഓള്‍ഔട്ടായി. 141 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ മികവിലാണ് ഓസ്ട്രേലിയ 337 റണ്‍സിലേക്കെത്തിയത്. ട്രാവിസ് ഹെഡ്ഡിന് പുറമേ മാര്‍നസ് ലബുഷെയ്ന്(64) നഥാന്‍ മക്സീനി(39) എന്നിവരും ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.