ഭീകരന്‍റെ ചിലവിനു പണം നൽകണമെന്നു പാക്കിസ്ഥാന്‍

ഭീകരന്‍റെ ചിലവിനു പണം നൽകണമെന്നു  പാക്കിസ്ഥാന്‍

ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും നാലംഗ കുടുംബത്തിന്റെയും പ്രതിമാസ ചെലവുകള്‍ക്കായി പണം പിന്‍വലിക്കാന്‍ പാക്കിസ്ഥാന്‍ നല്‍കിയ അപേക്ഷ അനുവദിച്ച് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി.നാലംഗ കുടുംബത്തിന്റെ ഭക്ഷണം, വെള്ളം,വസ്ത്രം എന്നിവയുള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുന്നതു ഹാഫിസ് സയീദാണെന്നു കാട്ടിയാണ് 1,50,000 പാക്കിസ്ഥാന്‍ കറന്‍സി (68,132.33 ഇന്ത്യന്‍ രൂപ) പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയോട് പാക്കിസ്ഥാന്‍ അനുമതി തേടിയത്.

അപേക്ഷയില്‍ എതിര്‍പ്പ് ഉയരാത്ത സാഹചര്യത്തില്‍ പണം പിന്‍വലിക്കാന്‍ അനുമതി നല്‍കിയെന്ന് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി അറിയിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആയിരുന്നു.എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ അപേക്ഷ അംഗീകരിച്ചു.ഇതു സംബന്ധിച്ച് സെക്രട്ടേറിയറ്റിനു നിര്‍ദേശം നല്‍കിയെന്ന് രക്ഷാസമിതി അറിയിച്ചു.ലഹോറിലെ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയില്‍ 1974 മുതല്‍ 1999 വരെ അസിസ്റ്റന്റ് പ്രഫസറായി ജോലി നോക്കിയിരുന്ന പാക്ക് പൗരന്‍ ഹാഫിസ് സയീദ് നല്‍കിയ അപേക്ഷ എന്നു ചൂണ്ടിക്കാട്ടിയാണ് രക്ഷാസമിതിക്ക് പാക്കിസ്ഥാന്‍ കത്ത് നല്‍കിയത്.

അധ്യാപകന്‍ എന്ന നിലയില്‍ 25 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ടെന്നും പെന്‍ഷനായി 45,700 പാക്കിസ്ഥാന്‍ രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നതായും കത്തില്‍ പറയുന്നു.യുഎന്‍ രക്ഷാസമിതിയുടെ 1267 ാം പ്രമേയത്തെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്നും കത്തില്‍ പറയുന്നു.2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഹാഫിസ് സയീദിനെ ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി നിരോധിച്ചത്.166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ജമാഅത്തുദ്ദഅവയുടെ ഭാഗമായ ലഷ്‌കറെ തയിബയായിരുന്നു.