ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. അറസ്റ്റിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. നടൻ നായകനായ പുഷ്പ 2 എന്ന സിനിമയുടെ ഫസ്റ്റ് ഷോ വേളയിലാണ് ദാരുണസംഭവമുണ്ടായത്.
അതേസമയം, ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയറിനിടെ ഉണ്ടായ ദാരുണമായ സംഭവത്തെ തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ 70 എംഎം തിയേറ്ററിലാണ് സംഭവം നടന്നത്. തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന 35 കാരിയായ സ്ത്രീ മരിക്കുകയും, 13 വയസ്സുള്ള മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നടൻ സമർപ്പിച്ച ഹർജിയിൽ, അറസ്റ്റിനു സാധ്യമായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്യണമെന്ന് അല്ലു അർജുൻ അഭ്യർത്ഥിച്ചു. സംഭവസമയത്ത് തിയേറ്ററിലുണ്ടായിരുന്നതിനാൽ തീയറ്ററിന് പുറത്തുള്ള സംഭവങ്ങൾ നടന് അറിയില്ലെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വാദിച്ചു. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രൊഡക്ഷൻ ടീം തിയറ്റർ മാനേജ്‌മെൻ്റിനെയും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറെയും അദ്ദേഹം വന്ന വിവരം അറിയിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി.
തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിൻ്റെ സാന്നിധ്യം ആവശ്യപ്പെട്ടതായി തിയേറ്റർ മാനേജ്‌മെൻ്റ് സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ അഭ്യർത്ഥനകൾ അവഗണിച്ച് വളരെ കുറച്ചു മാത്രം ഉദ്യോഗസ്ഥരെ മാത്രമാണ് വിന്യസിച്ചതെന്ന് അവർ അവകാശപ്പെട്ടു.