കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അപകടത്തില്‍ മരിച്ച ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്ന് പോലീസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. 999 ഓട്ടോമോട്ടീവ് ഉടമ സാബിത് ആണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം.
ആല്‍വിനെ ഇടിച്ചത് മറ്റൊരു കാറാണ് എന്നായിരുന്നു പോലീസ് ആദ്യം എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. യുവാവിനെ ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് കൂടെ ഉണ്ടായിരുന്ന യുവാവ് മൊഴി നല്‍കിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ബെന്‍സ് കാറാണ് ഇടിച്ചതെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇത് വ്യക്തമായത്.
കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോളാണ് ബെന്‍സ് കാറാണ് ഇടിച്ചതെന്ന് യുവാവില്‍ നിന്നുതന്നെ സൂചന ലഭിച്ചത്. ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും അതുകൊണ്ടാണ് സാബിത്ത് മൊഴിമാറ്റി പറഞ്ഞതെന്നും പോലീസ് പറഞ്ഞു. വീഡിയോ എടുത്ത മൊബൈല്‍ ഫോണ്‍ ഉടന്‍ ഹാജരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.