വർഷങ്ങളോളം ഉണ്ടായ അടിച്ചമർത്തലിനും മൗനത്തിനും ഒടുവിൽ, ഇപ്പോൾ ഒരു മാറ്റത്തിനായി കൊതിക്കുകയാണെന്ന് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സഹോദരി അഭിരാമിക്കൊപ്പം എഴുതിയ കുറിപ്പിലാണ് അവർ ഇക്കാര്യം പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള കേസിനേക്കുറിച്ച് യാതൊരുവിധ പരാമർശങ്ങൾക്കുമില്ല. ഏതൊരു ഇന്ത്യൻ പൗരനേയുംപോലെ നാലു പെണ്ണുങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം നിലനിർത്താൻ വേണ്ടി മാത്രം ആണ് നിയമത്തെ ആശ്രയിക്കേണ്ടി വന്നത്. ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെൺകുഞ്ഞ് വീട്ടിൽ വളർന്നുവരുന്നുണ്ട്. ഒരുപാട് സഹികെട്ടതിൽ നിന്നും എടുത്ത തീരുമാനങ്ങളുടെ സംഘർഷം, എങ്ങനെയോ ശക്തി സംഭരിച്ചാണ് മറികടക്കുവാൻ ശ്രമിക്കുന്നതെന്നും അമൃത സുരേഷ് പറഞ്ഞു.
അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് :
ഞങ്ങളുടെ കുടുംബത്തിൻ്റെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകൾ . നാലു പെണ്ണുങ്ങൾ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം, ഇന്ന് വരെ ഞങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷ നിമിഷങ്ങളും, സംഗീതവും ഒക്കെ പങ്കുവയ്ക്കാൻ മാത്രം ആണ് ഉപയോഗിച്ചിട്ടുള്ളത്.. മറ്റൊരാളുടെ ജീവിതത്തിൽ കയറുകയോ അവരെ ഉപദ്രവിക്കുകയോ ഒരിക്കൽ പോലും ചെയ്യാതിരുന്നിട്ടും എന്ത് കൊണ്ടെന്നറിയാത്ത വിധം ഒരുപാട് സൈബർബുള്ളി നേരിട്ടവരാണ് ഞങ്ങൾ ഓരോരുത്തരും.
നിങ്ങൾ ഓരോരുത്തരെയും പോലെ, ഞങ്ങളുടെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും മറ്റും ഒക്കെ നിങ്ങളുമായി പങ്കുവെക്കുക എന്നതുമാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ – എന്ന് തന്നെ പറയാം, അത് നിങ്ങളോടൊക്കെ ഉള്ള മാനസികമായ അടുപ്പംകൊണ്ട് മാത്രമാണ്.
നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങൾക്കറിയാം, എന്നാലും പറയട്ടെ, ഞങ്ങൾ നിയമത്തെ- ഒരുപാട് വർഷത്തിൻ്റെ പോരാട്ടത്തിനും, മൗനത്തിനും ശേഷം മാത്രം ആണ് ആശ്രയിച്ചത് – ഞങ്ങളുടെ ജീവിതവും കുടുംബവും സംരക്ഷിക്കുവാൻ വേണ്ടി മാത്രം… ആരെയും വേദനിപ്പിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. മറിച്ച് നാലു പെണ്ണുങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം നിലനിർത്താൻ വേണ്ടി മാത്രം ആണ് നിയമത്തെ ആശ്രയിക്കേണ്ടി വന്നത്, ഏതൊരു ഇന്ത്യൻ പൗരനേയും പോലെ ..
മാധ്യമങ്ങളിൽ നിരന്തരമായ ഒരു ചർച്ചയായിരുന്ന ഈ വിഷയം, ഇന്ന് കോടതിയുടെ പരിഗണയിലുള്ള ഒരു കേസ് ആയി നിലകൊള്ളുന്നു.. ശേഷം, ഒരു പ്രസ്‌താവനകളും ഇക്കാര്യത്തിനെയോ കേസിനെയോ പറ്റി പരാമർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മാധ്യമവേദികളിൽ വീണ്ടും ഒരു ചർച്ചാവിഷയമായി ഇക്കാര്യം വരുന്നത് ഞങ്ങളുടെ ഭാഗത്തു നിന്ന് ശേഷം വന്ന ഒരു പ്രസ്‌താവനകളുടെയോ വസ്‌തുതകളുടെയോ അടിസ്ഥാനത്തിലല്ല. വീണ്ടും ഇതൊരു സംസാരവിഷയമാക്കാൻ ഞങ്ങൾ തീരെ ആഗ്രഹിക്കുന്നില്ല. നിയമം അതിൻ്റെ വഴിയിലൂടെ കാര്യങ്ങൾക്കു ഒരു ശരിയായ സമാപ്‌തിയുണ്ടാക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു