ചേലക്കരയില്‍ വാര്‍ത്താസമ്മേളനം തടഞ്ഞ പൊലീസ് നടപടിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍. വിലക്കുകള്‍ വകവെക്കാതെ വാര്‍ത്താ സമ്മേളനം നടത്തി. പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ അന്‍വറിന് പ്രസ് മീറ്റ് നടത്താനാകില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന് വെല്ലുവിളിച്ച് അന്‍വര്‍ വാർത്താസമ്മേളനം തുടർന്നു. ചേലക്കര ഹോട്ടല്‍ അരമനയിലാണ് രാവിലെ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. ഇലക്ഷന്‍ ടെലികാസ്റ്റിംഗ് പാടില്ല എന്നത് ചട്ടമാണെന്നും ചട്ടം അന്‍വര്‍ ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി വ്യക്തമാക്കി. നോട്ടീസ് നല്‍കിയിട്ടും വാര്‍ത്താസമ്മേളനം തുടര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രതിനിധി അറിയിച്ചു. അന്‍വറിന് നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മടങ്ങി.
പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആളുകളും ഭീഷണിപ്പെടുത്തുന്നുവെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭീഷണിയുടെ കാലത്തു കൂടിയാണ് കടന്നുപോകുന്നതെന്നും താന്‍ ഒരുതരത്തിലുള്ള പെരുമാറ്റചട്ടവും ലംഘിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സസൂഷ്മം പെരുമാറ്റ ചട്ടം പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആളുകളുമായി ഇന്നലെ ഞാന്‍ സംസാരിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് താന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. ഇന്ന് ഡിഎംകെയുടെ പ്രവര്‍ത്തകര്‍ വീട് കയറി നോട്ടീസ് നല്‍കുന്നുണ്ട്. ശബ്ദമുഖരിതമായ പ്രചരണം അവസാനിപ്പിക്കണം എന്നത് മാത്രമാണ് ചട്ടം. മറ്റിടങ്ങളില്‍ നിന്ന് വന്നവര്‍ മണ്ഡലത്തിന് പുറത്തു പോകണം എന്നു പറയുന്നത് അലിഖിത നിയമമാണ് അന്‍വര്‍ വ്യക്തമാക്കി.