ന്യൂഡൽഹി: അൻവറിൻ്റെ ആരോപണത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അൻവറിൻ്റെ ആരോപണങ്ങൾ ആ രീതിയിൽ കാണാതെ അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തി പാർട്ടിക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയും എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറയുകയും ചെയ്തു. ഇതിലൂടെ തന്നെ അൻവറിൻ്റെ ആരോപണങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും പിണറായി പറഞ്ഞു.
പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് അൻവറിൻ്റെ ലക്ഷ്യം. എൽ.ഡി.എഫിൻ്റെ രാഷ്ട്രീയശത്രുക്കളുടെ ആയുധമായി അൻവർ മാറി. പാർട്ടിയേയും സർക്കാറിനേയും അപകീർത്തിപ്പെടുത്തുകയാണ് അൻവറിൻ്റെ ലക്ഷ്യം. മുഴുവൻ ആരോപണങ്ങളും തള്ളിക്കളയുകയാണ്. ഇതുസംബന്ധിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. അൻവർ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണം മാറ്റമില്ലാതെ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.