back to top
Thursday, November 21, 2024
Google search engine
HomeLatest Newsആറളം ഫാംഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കൽ; കണ്ണൂര്‍ കളക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.

ആറളം ഫാംഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കൽ; കണ്ണൂര്‍ കളക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.

കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ കടുത്ത വിമര്‍ശനവുമായി സി.പി.ഐ. നേതാക്കള്‍. ആറളം ഫാംഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരേയാണ് ഫാം ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. കളക്ടര്‍ക്കെതിരായ പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും റവന്യൂമന്ത്രിക്കും കണ്ണൂരിലെ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടും കളക്ടര്‍ക്കെതിരേ ജില്ലയിലെ സി.പി.ഐ.യുടെ മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെട്ടിരുന്നു.

ഫാം പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി.പി.ഐ.യുടെ സംഘടനയായ അഖിലേന്ത്യ കിസാന്‍സഭയുടെ ജില്ലാ കമ്മിറ്റി ഫാം ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ നേതാക്കള്‍ പൊട്ടിത്തെറിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി. ജോസും എ. പ്രദീപനുമാണ് പരസ്യ വിമര്‍ശനമുന്നയിച്ചത്. സഹപ്രവര്‍ത്തകന്റെ മരണത്തിന് മൗനാനുവാദിയായി നിന്ന കളക്ടര്‍ അരുണ്‍ കെ. വിജയനാണ് ഫാം പാട്ടത്തിന് നല്‍കാന്‍ മുന്‍കൈയെടുക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഫാം ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത് എല്‍.ഡി.എഫ്. നയത്തിന് വിരുദ്ധമാണ്. ഫാമിന്റെ കണ്ണായ ഭൂമിയാണ് പാട്ടക്കരാറിലൂടെ കൈമാറുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗമാണ് കളക്ടര്‍. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കളക്ടര്‍ക്ക് ആര് അധികാരം നല്‍കിയെന്ന് എ. പ്രദീപന്‍ ചോദിച്ചു.

ചുമതലയേറ്റെടുത്തശേഷം കളക്ടര്‍ ഇതുവരെ ഫാമില്‍ കാലുകുത്തിയിട്ടില്ലെന്ന് കെ.ടി. ജോസ് പറഞ്ഞു. പട്ടികവര്‍ഗവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിന് സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്ന് സംശയിക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പ് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ഫാമില്‍ തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. വ്യക്തികള്‍ക്ക് നല്‍കിയാല്‍ ഇതെല്ലാം ലംഘിക്കപ്പെടും. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം നഷ്ടത്തിലായതിന്റെ പേരിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നതെന്നും ജോസ് പറഞ്ഞു. സി.പി.ഐ. ദേശീയനേതാവ് ആനി രാജയുടെ സഹോദരനാണ് കെ.ടി. ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments