തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിവസമായ ഇന്ന് ആരോപണപ്രത്യാരോപണങ്ങളാൽ കലുഷിതമായിരുന്നു. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴൽനാടൻ ഡയസിന് മുന്നിൽ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്‌മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നൽകി. ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.
അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും സതീശൻ പരിഹസിച്ചു.
പിന്നാലെ രൂക്ഷഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണെന്നും സതീശൻ ആരാണെന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത് കാര്യങ്ങൾ കൈയാങ്കളിയിലേക്ക് നീക്കി. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.