ന്യൂഡല്‍ഹി: മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ ഹനുമാന്‍ക്ഷേത്രം സന്ദര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി. കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് അതിഷി ദര്‍ശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ അതിഷിയെ പൂജാരി തിലകമണിയിച്ചു. ഹനുമാന്‍ ചാലിസ ചൊല്ലിയ അതിഷി ശിവലിംഗത്തില്‍ തീര്‍ഥം അര്‍പ്പിച്ചു. പൂജാരി അതിഷിക്ക് കൊടി കൈമാറി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അതിഷിയും മുഖ്യമന്ത്രിയുടെ ഓഫീസും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനങ്ങളെ സേവിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിക്കാനും സങ്കടമോചകനായ ഭഗവാന്‍ ഹനുമാനില്‍നിന്ന് അനുഗ്രഹം തേടിയതായി അതിഷി പിന്നീട് പ്രതികരിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനും ജനങ്ങള്‍ക്കുവേണ്ടിയുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടയാനും ശ്രമിക്കുന്ന ശത്രുക്കളില്‍നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെജ്‌രിവാളിനേയും സംരക്ഷിക്കുന്നത് ഭഗവാന്‍ ഹനുമാനാണെന്ന് അവര്‍ പറഞ്ഞു.
ഡല്‍ഹി മദ്യനയക്കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയതിനെത്തുടര്‍ന്ന് ജയില്‍ മോചിതനായ കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 21-ന് സത്യപ്രതിജ്ഞചെയ്ത അതിഷി തിങ്കളാഴ്ച ചുമതലയേറ്റു.
മുഖ്യമന്ത്രിയായിരിക്കെ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന കസേര ഒഴിവാക്കി, സമീപം മറ്റൊരു കസേരയിലാണ് അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നത്. രാമായണത്തില്‍ രാമന്റെ സഹോദരന്‍ ഭരതന്‍ ഭരണം നടത്തിയതുപോലെ താന്‍ നാലുമാസം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുമെന്നായിരുന്നു അതിഷിയുടെ പ്രഖ്യാപനം.