പൊലീസ് എടുത്ത് മാറ്റിയ ടെലഫോൺ പോസ്റ്റ് ട്രാക്കിൽ വീണ്ടും കൊണ്ടുവന്നിട്ടു. കൊല്ലം കുണ്ടറയിലാണ് ട്രെയിൻ അട്ടിമറിക്ക് ആസൂത്രിത നീക്കം നടന്നത്. കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ടാണ് അട്ടമറിക്ക് ശ്രമം നടന്നത്. പുനലൂര്‍ റെയില്‍വേ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാലരുവി എക്സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. ട്രെയിന്‍ എത്തുന്നതിന് മുമ്പേ പോസ്റ്റ് എടപത്ത് മാറ്റിയത് കൊണ്ട് വൻ അപകടം ഒഴിവായി.
ആവര്‍ത്തിച്ച് ട്രാക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് അട്ടിമറി എന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമീപത്ത് നിന്നും ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടിരുന്നു. സമീപവാസിയായ ഒരാളിൻ്റെ ശ്രദ്ധയിലാണ് ഇതുപെട്ടത്. ഇയാള്‍ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ഏഴുകോണ്‍ പൊലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസ് എത്തി ഇവിടെ വീണ്ടും പരിശോധന നടത്തിയപ്പോഴും ട്രാക്കില്‍ പോസ്റ്റ് കണ്ടെത്തി. പൊലീസ് എടുത്തു മാറ്റിയ പോസ്റ്റ് വീണ്ടും ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു.
റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ. കൂടുതൽ പേരുണ്ടോ എന്നത് അടക്കം പരിശോധിക്കണമെന്നും സംസ്ഥാന കേന്ദ്ര ഏജൻസികൾ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ രണ്ടിടത്താണ് ടെലിഫോൺ പോസ്റ്റ് വച്ചത് ഇന്ന് ശ്രദ്ധയിൽപ്പെട്ടത്. ടെലിഫോൺ പോസ്റ്റ് രണ്ട് യുവാക്കൾ ചേർന്ന് മറിച്ചിടുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.