“ബഹ്റൈൻ്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും രാജ്യത്തിൻ്റെ വിവിധ മേഖലകളിലെ വികസനത്തിന് നിർണായകമായിട്ടുണ്ടെന്ന് ഹമദ് രാജാവ് പ്രസ്താവിച്ചു. അദ്ദേഹത്തിൻ്റെ അനിതരസാധാരണമായ സേവനങ്ങൾക്കും സംഭാവനകൾക്കും ബഹ്റൈൻ്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായിട്ടാണ് ഈ അതിവിശിഷ്ട മെഡൽ സമ്മാനിക്കുന്നതെന്നും”, ഹമദ് രാജാവ് അവാർഡ് ദാന വേളയിൽ പറഞ്ഞു. ദേശീയ ദിനാഘോഷ വേളയിലാണ് ബഹറൈൻ ഡോ. രവി പിള്ളയെ ആദരിച്ചത്.
ബഹ്റൈൻ്റെ സമഗ്ര വികസനത്തിന് നിസ്തുലമായ സേവനം നൽകുന്ന വ്യക്തികൾക്കുള്ള അംഗീകാരമായിട്ടാണ് മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) പുരസ്കാരം നൽകുന്നത്.
ഹമദ് രാജാവിൽ നിന്ന് ഈ മഹത്തായ അംഗീകാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ആദരം ഏറ്റുവാങ്ങിയശേഷം ഡോ. രവി പിള്ള പറഞ്ഞു. ആർ.പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരൻ്റെയും കൂട്ടായ പ്രയത്‌നത്തിൻ്റെയും ബഹ്‌റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിൻ്റെ അചഞ്ചലമായ വിശ്വാസത്തിൻ്റെയും പ്രതിഫലനമാണ് ഈ അവാർഡ്. ഈ അംഗീകാരം ബഹ്‌റൈനും ഇവിടുത്തെ ജനങ്ങൾക്കുമായി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.പിഗ്രൂപ്പിൻ്റെ എല്ലാ നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച കഠിനാധ്വാനികളും അർപ്പണബോധവും പ്രതിബദ്ധതയുമുള്ള ഒരു ലക്ഷത്തിലധികം വരുന്ന പ്രിയപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. ഈ ബഹുമതി എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ഗൾഫ് മേഖലയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളായ എല്ലാവർക്കും അഭിമാനത്തിന് വക നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്ക് ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിക്കുകയാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ,
ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, എന്നിവർക്കും ബാപ്‌കോ എനർജീസ് ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ബഹ്‌റൈൻ്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള അവരുടെ ദർശനാത്മക നേതൃത്വവും സമർപ്പണവും എല്ലാവർക്കും പ്രചോദനമാണെന്നും ഡോ. രവി പിള്ള അഭിപ്രായപ്പെട്ടു.
എഴുപതുകളുടെ അവസാനം 25000 ഡോളറും നൂറ്റി അൻപത് തൊഴിലാളികളുമായിട്ടാണ് ഡോ.ബി.രവി പിള്ള മിഡിൽ ഈസ്റ്റിൽ ബിസിനസിന് തുടക്കം കുറിക്കുന്നത്. ഉപ കരാറുകൾ ഏറ്റെടുത്തായിരുന്നു തുടക്കം. എൺപതുകളിൽ അടിസ്ഥാന സൗകര്യമേഖലയിലെ നിർമ്മാണങ്ങൾ എറ്റെടുത്തു. തുടർന്ന് ബഹ്റൈൻ, ഖത്തർ, യുഎ ഇ, ഏഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച കിടക്കുന്ന ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപൊക്കി.രണ്ട് ലക്ഷത്തിലധികം ജീവനക്കാർ ഇന്ന് അദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്യുന്നുണ്ട്.