കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ( നവംബർ 8 ) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
ശക്തമായ പ്രതിരോധ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യം തള്ളിയ വിധിയിൽ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബവും വാദത്തിൽ അത് സൂചിപ്പിച്ചു. ആറാം തീയതിയാണ് കൈക്കൂലി നൽകിയത്. അന്നേ ദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ലാൻഡ് റവന്യു കമ്മീഷണർക്ക് നൽകിയ മൊഴിയിൽ പ്രശാന്ത് കൈക്കൂലി നൽകിയെന്ന് പറഞ്ഞിട്ടുണ്ടെന്നും എഡിഎം ജില്ലാ കളക്ടർക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്ന വാദവും പ്രതിഭാഗം കോടതിയിൽ ആവർത്തിച്ചു. നവീൻ ബാബുവിനെ മന:പൂർവം അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുടുംബത്തെ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
പ്രതിഭാഗം ഓരോ കാര്യങ്ങളും പ്രത്യേകം പരാമർശിച്ച് ക്രിമിനൽ കുറ്റമല്ലെന്ന് വാദിക്കുകയാണ് എന്നതായിരുന്നു കുടുംബത്തിന്റെ വാദം. കളക്ടർ കുടുംബത്തിന് അയച്ച കത്ത് വായിച്ച ശേഷം, കളക്ടർ സൗഹാർദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥനല്ലെന്നും അവധി പോലും നൽകാറില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാൻ ആരംഭിച്ച എസ്ഐടി ഇതുവരെ ഭാര്യയുടെ മൊഴി എടുത്തിട്ടില്ലെന്നും അതിൽ ഇടപെടൽ സംശയിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.