പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ തട്ടിയെടുത്തത്. ട്രെയിൻ യാത്രക്കാരായ അഞ്ഞൂറോളം പേരെ ഇവർ ബന്ദികളാക്കിയതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം. പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവർ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാരുമായി പോകവേ ബലൂച് ലിബറേഷൻ ആർമി പ്രവർത്തകർ ട്രെയിന് നെരെ വെടിയുതിർത്തതായി റെയിൽവേ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആക്രമണത്തിൽ 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. ട്രെയിനിലെ യാത്രക്കാരുമായും ജീവനക്കാരുമായും ഇതുവരെ ഒരു തരത്തിലുള്ള ആശയവിനിമയവും നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.