ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടത്തില്‍ മുത്തമിടുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 59 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി വെറും 35.2 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. ബംഗ്ലാദേശിന്റെ മുഹമ്മദ് ഇഖ്ബാല്‍ ഹസന് ഇമോന്‍ ആണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരം.
സ്കോര്‍: ബംഗ്ലാദേശ് 198-10 (48.1) | ഇന്ത്യ 139-10 (35.2)
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് ഇഖ്ബാല്‍ ഹസന് ഇമോന്‍, അസീസുള്‍ ഹക്കീം തമീം എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തിയ അല്‍ ഫഹദും ചേര്‍ന്നാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ 26(65) ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് രാജ് 24(21), കാര്‍ത്തികേയ 21(43) എന്നിവര്‍ മാത്രമാണ് പിന്നീട് പിടിച്ച് നിന്നത്. ഓപ്പണര്‍മാരായ ആയുഷ് മാത്രെ 1(8), 13കാരന് വൈഭവ് സൂര്യവംശി 9(7) എന്നിവര്‍ നിരാശപ്പെടുത്തി. നിഖില്‍ കുമാര്‍ 0(2), വിക്കറ്റ് കീപ്പര്‍ ഹര്‍വംശ് പംഗാലിയ 6(6) എന്നിവരും നിറംമങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി റിസാന് ഹുസൈന് 47(65), മുഹമ്മദ് ഷിഹാബ് ജെയിംസ് 40(67), വിക്കറ്റ് കീപ്പര്‍ ഫരീദ് ഹസന് 39(49) എന്നിവരുടെ പ്രകടനങ്ങളാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യുദ്ധജിത് ഗുഹ, ചേതന്‍ ശര്‍മ്മ, ഹാര്‍ദിക് രാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിരണ്‍ ചോര്‍മാലെ, കെ.പി കാര്‍ത്തികേയ, ആയുഷ് മാത്രെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.