നിറുകയില്‍ എണ്ണ തേച്ചു കുളിച്ചാല്‍?

നിറുകയില്‍ എണ്ണ തേച്ചു കുളിച്ചാല്‍?

തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്.എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്.നിറുക എന്നതു നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്.നിറുകയിലൂടെ വെള്ളവും  എണ്ണയും  നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും.വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടി നു കാരണമാകുന്നത്.മുന്‍കാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല.കാരണം,പണ്ടുള്ളവര്‍ പതിവായി നിറുകയില്‍ എണ്ണതേച്ചു കുളിച്ചിരുന്നു. എണ്ണ നിറുകയില്‍ തേച്ചു ശീലിച്ചാല്‍ വെള്ളവും വിയര്‍പ്പും നിറുകയില്‍ താഴില്ല,നീര്‍ക്കെട്ടും പനിയുമുണ്ടാകുകയുമില്ല.

പച്ചവെളിച്ചെണ്ണ തേയ്ക്കാമോ?

ജലാംശമില്ലാത്ത എണ്ണയാണു നിറുകയില്‍ തേക്കണ്ടേത്.പച്ചവെളിച്ചെണ്ണയില്‍ ജലാംശമുണ്ട്. അതുകൊണ്ടാണ് എണ്ണ തേച്ചാല്‍ നീരിറക്കമുണ്ടാകും എന്ന അനുഭവവും ഭയവുമുള്ളത്.വെയിലത്തു വച്ചു ചൂടാക്കിയതോ ചുമന്നുള്ളിയും തുളസി കതിരും ചതച്ചിട്ടു മുറുക്കിയതോ,രോഗാനുസൃതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയില്‍ തേക്കുന്നത്.നീര്‍പിടുത്തമുള്ള എണ്ണ നിറുകയില്‍ തേച്ചാല്‍ നീര്‍ക്കെട്ടുണ്ടാകുകയില്ലെന്നു മാത്രമല്ല,ശരീരത്തെവിടേയുമുള്ള നീര്‍ക്കെട്ട് വലിഞ്ഞ്,വിട്ടുമാറാത്ത ജലദോഷം,തലവേദന,സൈനസൈറ്റിസ്,ടോണ്‍സി ലൈറ്റിസ്,ആസ്മ,അലര്‍ജി, സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും.

കുളിക്കാന്‍ നല്ല സമയമേത്?

രാവിലെയോ വൈകുന്നേരമോ,സന്ധ്യയ്‌ക്കോ ആണു കുളിക്കാവുന്ന സമയം. രാവിലത്തെ കുളി വിശേഷിച്ചും ആയുസ്സും ആരോഗ്യവും ഉണര്‍വും ഉന്മേഷവും ഉണ്ടാക്കും.നട്ടുച്ചയ്ക്കും പാതിരാത്രിയിലും കുളി പാടില്ല.ആഹാരം കഴിച്ചിട്ടുപോയി കുളിക്കരുത്.എപ്പോഴും തലയാണ് ആദ്യം കുളിക്കേ ണ്ടത്.തലയില്‍ തണുത്ത വെള്ളമേ പാടുള്ളു.തല തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ദേഹം ചൂടുവെള്ളം കൊണ്ടു കുളിക്കണം.ആദ്യംദേഹം കുളിച്ചാല്‍ ദേഹത്തിലെ ചൂടു തലയിലേക്കു പ്രവഹിക്കുമെന്നതു മുടികൊഴിച്ചിലിനും തലവേദനയ്ക്കും അനാരോഗ്യങ്ങള്‍ക്കുമെല്ലാം കാരണമാകും. തലയില്‍ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷകരമാണ്.ഒരു വട്ടംകൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു വേണം കുളിനിര്‍ത്താന്‍.

ദേഹത്ത് എണ്ണ തേക്കുമ്പോള്‍

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത് ശരീരപുഷ്ടിക്കും ക്ഷീണം കുറയാനും നല്ലതായതിനാല്‍ ദിവസവും ചെയ്യാം.നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം. ചെവിയില്‍ എണ്ണ തേക്കുന്നത് കാലുകള്‍ക്കു തണുപ്പേകും.കാലടികളില്‍ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും.പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാന്‍ കണ്ണില്‍ തേക്കണം. ദേഹം മുഴുവന്‍ എണ്ണ തേച്ച ശേഷം മൃദുവായി തടവണം. നല്ലെണ്ണ തേച്ചുകുളിക്കുന്നത് അനുയോജ്യമാണ്.