മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി പരിക്ക് ഭീഷണി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഗ്രൂപ്പ് മത്സരങ്ങളിൽ കളിച്ചേക്കില്ലെന്നാണ് അറിയുന്നത്. പാകിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമായേക്കും. ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുമ്ര വിശ്രമത്തിലായിരുന്നു .
ഏറ്റവും മികച്ച എട്ട് ഏകദിന ടീമുകൾ ഉൾപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 നാണ് ആരംഭിക്കുന്നത്. കറാച്ചി, റാവൽപിണ്ടി, ലാഹോർ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യ- പാക് മത്സരങ്ങൾക്കാണ് ദുബായ് വേദിയൊരുക്കുക. ഈ മാസം അവസാനം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഇന്നലെ മുംബൈയിൽ സെലക്ടർമാർ യോഗം ചേര്‍ന്നിരുന്നു.ബൂമ്രയുടെ ഫിറ്റ്നസും ചര്‍ച്ചയായതായാണ് വിവരം.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ചയാണെങ്കിലും ബിസിസിഐ അത് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. 15 അംഗ ടീമിൽ ബുമ്രയെ ഉൾപ്പെടുത്തണോ അതോ ടൂർണമെന്റിനുള്ള റിസർവ് കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തണോ എന്ന കാര്യമാണ് സെലക്ടർമാർ പരിഗണിക്കുന്നത്. ബിസിസിഐ ആദ്യം ഒരു താൽക്കാലിക ടീമിനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 12 വരെ ടീമുകളിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിനാൽ ബുമ്രയുടെ ഫിറ്റ്നസ് നിരീക്ഷിക്കാൻ സമയമുണ്ട്.
മാർച്ച് ആദ്യവാരത്തോടെ മാത്രമേ ബുമ്ര പൂർണ ഫിറ്റന്സ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബുമ്ര ഉടൻ എൻസിഎയിലേക്ക് പോകും. അവിടെ മൂന്നാഴ്ചത്തേക്ക് നിരീക്ഷണം തുടരും. പരിശീലന മത്സരങ്ങൾ ആണെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്തോ എന്നറിയാൻ ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നത്.