കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങൾ നമുക്കും ലഭ്യമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുര, തെലങ്കാന, ആന്ധ്ര, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവയുടെയും ഒടുവിൽ തമിഴ്‌നാടിന്റെയും അനുഭവം മുന്നിലുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, നമുക്ക് പ്രശ്നമുണ്ടാകുമ്പോൾ പ്രത്യേക വീക്ഷണകോണിലൂടെമാത്രം കണ്ടാൽ മതിയോ ? കേരളത്തിലുണ്ടായത് സഹായം അർഹിക്കുന്ന ദുരന്തമല്ല എന്നുണ്ടോ. അത് പറയണം. അല്ലാതെ, തങ്ങൾക്ക് താൽപ്പര്യമില്ലെന്ന അവസ്ഥ സ്വീകരിക്കുന്നത് ശരിയാണോ-–മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
വയനാടിൽ വിചിത്രവാദം
ഉരുൾപൊട്ടലിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾക്ക് സഹായം ചോദിക്കുമ്പോൾ കേന്ദ്രസർക്കാർ വിചിത്രവാദമാണുയർത്തുന്നത്. വിശദമായ പഠനറിപ്പോർട്ട് നൽകാൻ വൈകിയതിനാലാണ് പ്രത്യേക സാമ്പത്തികസഹായം പ്രഖ്യാപിക്കാത്തതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണ്.
ആഭ്യന്തരമന്ത്രി ആദ്യമായല്ല തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് ഉദ്ധരിച്ച്, കേന്ദ്രം ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് തെളിവുസഹിതം വ്യക്തമായി. വയനാട്ടിൽ എത്തിയ പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ആഗസ്‌ത് 17ന് നിവേദനം നൽകി. 1,202 കോടി രൂപയുടെ പ്രാഥമിക സഹായവും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സന്ദർശിച്ചിട്ട് നൂറുദിവസവും നിവേദനം നൽകിയിട്ട് മൂന്നുമാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ട് മാസങ്ങളായി. പുനരധിവാസം സംബന്ധിച്ച വിശദറിപ്പോർട്ട് നവംബർ 13ന് നൽകി. ഇതിനിടയിൽ മറ്റു പല സംസ്ഥാനങ്ങൾക്കും രേഖാമൂലം ആവശ്യപ്പെടാതെ സഹായം നൽകി. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരുരൂപപോലും കേരളത്തിന് ലഭിച്ചില്ല–- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞത്ത് പകപോക്കൽ
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ പകപോക്കലാണ് നടക്കുന്നത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്രം വീണ്ടും അറിയിച്ചിരിക്കുന്നു. നാളിതുവരെയുള്ള നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ് ഒറ്റത്തവണ ഗ്രാന്റായി നൽകുന്നതാണ്, വായ്‌പയല്ല.
വിജിഎഫ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്. കേന്ദ്ര വിഹിതം 817.80 കോടിയും സംസ്ഥാന വിഹിതം 817.20 കോടിയുമാണ്. കേന്ദ്രം നൽകുന്ന തുക, തുറമുഖ കമ്പനിക്ക് ലാഭവിഹിതം ലഭിച്ചുതുടങ്ങുമ്പോൾ 20 ശതമാനംവച്ച് കേന്ദ്രത്തിന് സംസ്ഥാനം നൽകണം എന്നതാണ് വ്യവസ്ഥ. ഇപ്പോൾ നൽകുന്ന തുക 817.80 കോടിയാണെങ്കിൽ ഏതാണ്ട് 10,000 – –-12,000 കോടി രൂപയായി തിരിച്ചടയ്‌ക്കേണ്ടിവരും–- മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം അവഗണിക്കുമ്പോൾ കണ്ണടച്ചുനിൽക്കരുത്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിൽനിന്ന് ദുരിതാശ്വാസ സഹായം ലഭിക്കേണ്ടത് എൽഡിഎഫ്, യുഡിഎഫ് എന്ന നിലയ്‌ക്കുള്ള വിഷയമല്ലെന്നും സംസ്ഥാനത്തിന്റെ പൊതുആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘രണ്ട് ദശാബ്ദത്തെ അനുഭവമെടുത്താൽ കേന്ദ്രം പ്രത്യേകസമീപനം കേരളത്തോട് സ്വീകരിക്കുന്നത് കാണാം. 2018ലെ പ്രളയ ഘട്ടത്തിലടക്കം സ്വീകരിച്ച സമീപനം കേന്ദ്രം തുടരുകയാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന സഹായം നമുക്ക് കിട്ടുന്നില്ല. സഹായം എൽഡിഎഫിനല്ല കിട്ടുന്നത്. ഇ പ്പോൾ എൽഡിഎഫ് സർക്കാരാണെങ്കിലും സഹായം ലഭിക്കുന്നത് നാടിനാണ്. സഹായം ലഭിച്ചാൽ ചെലവഴിക്കുന്നതും നാടിനുവേണ്ടിയാണ്. നാടിന്റെ പ്രശ്‌നങ്ങളിൽ ഒന്നിച്ചുനിൽക്കാനാകണം. ഒരുമിച്ച് ശബ്ദമുയർത്താനും പ്രതികരിക്കാനുമാകണം. കേന്ദ്ര അവഗണനയ്‌ക്കുമുന്നിൽ കണ്ണടച്ച് ഇരിക്കരുത്. മറ്റു സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ളവരും ഇല്ലാത്തവരും സംസ്ഥാന താൽപ്പര്യത്തിനൊപ്പം നിൽക്കും. സംസ്കാരസമ്പന്നരാണെന്ന് അഹങ്കരിക്കാറുള്ള നമുക്ക് ഇതുപോലൊരു കാര്യത്തിൽ ഒന്നിച്ചുനിൽക്കാനാകുന്നുണ്ടോ. കേന്ദ്ര സർക്കാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് സഹായം നിഷേധിക്കുമ്പോൾ അതിനെ പിന്തുണയ്‌ക്കുകയാണോ രാഷ്ട്രീയ പാർടി എന്ന നിലയ്‌ക്ക് ബിജെപി ചെയ്യേണ്ടത്?
നിർഭാഗ്യവശാൽ ബിജെപിക്ക് താൽപ്പര്യമില്ലാത്ത യുഡിഎഫിനും എൽഡിഎഫിനുമാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ. അങ്ങനെയൊരു നാടിന് ഒരു സഹായവും വേണ്ടെന്ന ദുരുപദിഷ്ട നിലപാട് ഉൾക്കൊള്ളാൻ നമുക്ക് കഴിയുന്നുണ്ടോ. ഇത്തരം കാര്യങ്ങളെ ഒരു നാടെന്ന നിലയിൽ ഒന്നിച്ച് ചോദ്യംചെയ്യണം.
കോടതിയിൽ
വീഴ്‌ചയുണ്ടായില്ല
കോടതിയിൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്‌ചയുണ്ടായിട്ടില്ല. ഹൈക്കോടതിക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കിക്കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. വിവരങ്ങൾ അപ്പോൾത്തന്നെ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ബഹുമാന്യനായ ജസ്‌റ്റിസ് അത് കിട്ടിയില്ലെങ്കിൽ പെട്ടെന്ന് എന്തെങ്കിലും പറയും. മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കി മാറ്റും–- മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം പറയണം ; കേരളത്തിന് എന്താണ് കുറവ്
മറ്റുസംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സഹായിക്കേണ്ടെന്ന അഭിപ്രായം കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയതുപോലെ കേരളത്തിനും നൽകണമെന്നും അവയുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിന് എന്താണ് കുറവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ് (പിഡിഎൻഎ) തയ്യാറാക്കാൻ മൂന്നു മാസമെങ്കിലും വേണം. ഇതിനുള്ള മാർഗനിർദേശം വന്നത് ആഗസ്ത് 14നാണ്. വിദഗ്‌ധസംഘത്തെ ഉൾപ്പെടുത്തി തയ്യാറാക്കിയ 585 പേജുള്ള റിപ്പോർട്ട് നവംബർ 13ന് നൽകി. കേരളമാണ് ഇങ്ങനെ ഒരു റിപ്പോർട്ട് ആദ്യം നൽകിയത്. മുണ്ടക്കൈക്ക് 2,221 കോടിയും വിലങ്ങാടിന് 98.1 കോടിയുമാണ് കണക്കാക്കിയത്. ജൂലൈയിൽ ഹിമാചൽ പ്രദേശിലും ഒക്ടോബറിൽ സിക്കിമിലും ദുരന്തമുണ്ടായപ്പോൾ അവർ പിഡിഎൻഎ തയ്യാറാക്കിയത് മൂന്നുമാസം കഴിഞ്ഞാണ്.
ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വയനാടിന്റെ അത്രയും തീവ്രതയില്ലാത്ത ദുരന്തങ്ങൾ ഉണ്ടായിട്ടും വളരെ വേഗം കേന്ദ്രസഹായം എത്തി. മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടിയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടിയും നൽകി. ദുരന്തമുണ്ടാകുംമുമ്പ് മുൻകരുതലായി ബിഹാറിന് 11,500 കോടി പ്രഖ്യാപിച്ചു. അതേ കേന്ദ്രസർക്കാരാണ് കേരളത്തെ അവഗണിക്കുന്നത്. പ്രളയദുരന്തം നേരിടാനുള്ള സഹായപദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ബിഹാർ, അസം, ഹിമാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഡിആർഎഫ്: എല്ലാ കണക്കും ഹൈക്കോടതിയെ അറിയിക്കും
എസ്‌ഡിആർഎഫിന്റെ (സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്) എല്ലാ കണക്കും ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണക്കിൽ അവ്യക്തതയില്ല. എസ്‌ഡിആർഎഫിൽ പണമുണ്ടെന്ന കേന്ദ്രസർക്കാരിന്റെ പ്രതികരണം കണ്ടു. ധനകമീഷന്റെ ശുപാർശപ്രകാരം സാധാരണഗതിയിൽ ലഭിക്കുന്ന ഫണ്ടാണത്. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചത്താലത്തിൽ ലഭിച്ചതല്ല. വലിയ ദുരന്തങ്ങളെ നേരിടാൻ അത് പര്യാപ്‌തമല്ല.