ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറിലാണ് രാം നാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.