മറ്റൊരു യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മ പിടിയില്‍

മറ്റൊരു യുവതിയുടെ ചിത്രം കാണിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മ പിടിയില്‍

കുമരകം: അയല്‍വാസി യുവതിയുടെ ചിത്രം നല്‍കി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മ പൊലീസിന്റെ പിടിയില്‍.വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാനെത്തിയപ്പോഴാണ് യുവാവിന് അബദ്ധം മനസ്സിലായത്.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്.തിരുവാര്‍പ്പ് സ്വദേശിയാണ് വീട്ടമ്മ. 

പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ എന്ന വ്യാജേന വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ആണ് ഉപയോഗിച്ചത്.6 മാസം മുന്‍പു തുടങ്ങിയ വാട്‌സാപ് ബന്ധത്തി നൊടുവില്‍ ഈ മാസം 16ന് വിവാഹം നടത്താനിരിക്കെയാണു വീട്ടമ്മ പിടിയിലാകുന്നത്.സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത്.വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു.

ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു.ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി.പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു.ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു.പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.

16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു.3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു.പന്തലും ഇട്ടു.കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു.

കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു.അമ്മയ്ക്കു ചിക്കന്‍പോക്‌സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു.ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.