കമ്മന(വയനാട്): ”വയറുനിറയ്ക്കാൻ പദ്മശ്രീ ഒന്നും തരുന്നില്ല. ചോര നീരാക്കിയാൽ അടുപ്പിൽ തീ പുകയും. വയസ് 75 ആയി. ഇനി ഒന്നിനും വയ്യ.”” പൈതൃക ജൈവ നെൽവിത്തുകളുടെ സംരക്ഷകനും ആദിവാസി കർഷകനുമായ ചെറുവയൽ രാമൻ പറയുന്നു. 2023ലാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്. വയനാട് മാനന്തവാടി കമ്മനയിലെ ഇടിഞ്ഞുവീഴാറായ പഴയ വീടിന്റെ മുറ്റത്തിരുന്ന് അദ്ദേഹം സങ്കടങ്ങളുടെ കെട്ടഴിച്ചു.
”വീട് കെട്ടി മേയണം. സ്വന്തം കൃഷിയിടത്തിലെ വൈക്കോൽ തികയില്ല. പുറത്തുനിന്ന് വാങ്ങണം. കെട്ടൊന്നിന് 70 രൂപ. മുന്നൂറ് കെട്ടെങ്കിലും വേണ്ടിവരും. മഴ പെയ്താൽ വെള്ളം മുഴുവൻ വീടിനകത്തായിരിക്കും. നാല് അലമാരകളിൽ നിറയെ പുരസ്കാരങ്ങൾ. വയ്ക്കാൻ ഇടമില്ല'”
ചെളി പുരണ്ട മുട്ടോളമുളള തോർത്തും അങ്ങിങ്ങ് കീറലുള്ള മുഷിഞ്ഞ ഖദർ ഷർട്ടുമിട്ട് പാടത്തുനിന്ന് കയറിയ രാമൻ ഭാര്യ ഗീത നൽകിയ ചൂട് കഞ്ഞി കുടിച്ചുകൊണ്ട് പറഞ്ഞു.
”മൂന്ന് ഏക്കറോളം വയലുണ്ട്. കൊയ്ത്ത് കഴിഞ്ഞു. ഇനി മെതി.ചോര നീരാക്കി പാടത്ത് വേല ചെയ്താലും മതിയായ വിലയില്ല.28 രൂപയാണ് നെല്ലിന്റെ വില.ഇനി മുത്താറി കൃഷി.കിലോയ്ക്ക് 70 രൂപയുണ്ട്.മുടങ്ങാതെ കിട്ടുന്നത് സർക്കാരിന്റെ 1600 രൂപയാണ്. മരുന്നിനു വേണം അതിനെക്കാളും.””
രാമന്റെ പക്കൽ 60ഓളം പൈതൃക നെൽവിത്തുകളുണ്ടായിരുന്നു. അവ കൃഷി ചെയ്ത് ഇരട്ടിയാക്കി തിരിച്ചുതരാമെന്ന് പറഞ്ഞ് പലരും വാങ്ങി. പലരും പിന്നീട് തിരിഞ്ഞുനോക്കിയില്ല.
മക്കളായ രമണി, രമേശൻ, രാജേഷ്, രജിത എന്നിവർ വിവാഹം കഴിഞ്ഞ് അവരുടെ പ്രാരാബ്ധങ്ങളുമായി കഴിയുന്നു.