Friday, March 29, 2024
HomeNewsKeralaയൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഹാജരാകില്ല

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഹാജരാകില്ല

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് അവധിയിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ഇരുവരും ആലപ്പുഴയിലെ സൗത്ത് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും തല്ലിച്ചതച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിനും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനുമെതിരെ പരാതി ഉയർന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരും ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നായിരുന്നു മുൻപ് ലഭിച്ച വിവരം. അനിലും സന്ദീപുമുൾപ്പെടെയുള്ളവർക്കെതിരെ കോടതി നിർദേശാനുസരണം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ മാസം 16ന് ആലപ്പുഴയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. ലാത്തിയടിയിൽ തോമസിന്റെ തല പൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തിരുന്നു. സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് കോടതി മുഖാന്തരം ഫയൽ ചെയ്ത കേസിലാണ് സംഭവത്തിന്റെ വീഡിയോ തെളിവുകളും പരിക്കുകളുടെ സ്വഭാവവും ചികിത്സാ രേഖകളും പരിശോധിച്ച കോടതി ഇരുവർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

കോടതി ഉത്തരവനുസരിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷികളെ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തെങ്കിലും പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഇവർക്കെതിരെ ഐപിസി 294 ബി, 326,324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത നടപടിക്കെതിരെ തോമസും അജയ് ജ്യുവലും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ പൊലീസ് കൂട്ടാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments