കൊച്ചി: അനുദിനം വളരുന്ന ഓൺലൈൻ വ്യാപാര രംഗത്ത് വിശ്വാസ വഞ്ചന നടത്തുന്നവരെ നിലയ്ക്കുനിർത്താൻ നിയമം ശക്തമായി പ്രയോഗിക്കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ഓർഡർ ചെയ്ത പുതിയ സ്മാർട്ട് ഫോണിന് പകരം പഴയ ഫോൺ നൽകി കബളിപ്പിച്ച വിഎൽഇ ബസാർ എന്ന സ്ഥാപനത്തിൻ്റെ ഉടമ ദീപക് സർക്കാരിന് 40,000 രൂപ പിഴ വിധിച്ചുകൊണ്ടാണ് കോടതിയുടെ കർശന ഇടപെടൽ.
എറണാകുളം തേവര സ്വദേശിയായ ആൻറണി ജോബ് ആണ് പരാതിക്കാരൻ. 2023 ജൂലൈ മാസത്തിലാണ് സാംസങ് ഗ്യാലക്സി ഫോൺ 24,999 രൂപ നൽകി ബുക്ക് ചെയ്തത്. എന്നാൽ അയച്ചുകിട്ടിയത് സാംസങ്ങിൻ്റെ പഴയ ഫോൺ. ഉടനടി ഓൺലൈനിൽ തന്നെ പരാതി നൽകിയപ്പോൾ 100 രൂപയുടെ കൂപ്പൺ നൽകുകയാണ് എതിർകക്ഷി ചെയ്തത്. വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും തെറ്റായ ഉൽപ്പന്നം നൽകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരവും കോടതി ചെലവും ഉൽപ്പന്ന വിലയും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
“വിശ്വാസാധിഷ്ഠിതമാണ് ഓൺലൈൻ വ്യാപാരം. വാഗ്ദാനം ചെയ്ത ഉത്പന്നം നൽകിയില്ലെങ്കിൽ വിശ്വാസ വഞ്ചനയാണ്. സാമ്പത്തിക നഷ്ടം മാത്രമല്ല മന:ക്ലേശവും ഉപഭോക്താവ് അനുഭവിക്കുന്നു. ഡിജിറ്റൽ വ്യാപാരരംഗം നേരിടുന്ന വിശ്വാസ തകർച്ചയ്ക്ക് ഉദാഹരണമാണ് ഈ അധാർമിക വ്യാപാരമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് അഭിപ്രായപ്പെട്ടു. ഫോണിൻ്റെ വിലയായ 24,999 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിനത്തിൽ 5000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉത്തരവ്.