കൊച്ചി: നിക്ഷേപകനെ കബളിപ്പിച്ച വായ്പാസംഘം, നിക്ഷേപിച്ച തുക തിരിച്ചു നൽകണമെന്നും കൂടാതെ 75,000 രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം സ്വദേശി നൗഷാദ് , തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന U.R.H.D.C സൊസൈറ്റിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
5,88,000/- രൂപ നിക്ഷേപിക്കുകയും 5,000/- രൂപ നൽകി മെമ്പർഷിപ്പ് എടുക്കുകയും ചെയ്തപരാതിക്കാരന് വാഗ്ദാനം ചെയ്ത രീതിയിൽ തുക തിരിച്ച് നൽകാത്ത സാഹചര്യത്തിലാണ് സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ആരോപിച്ച് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പലിശരഹിത വായ്പയും ഹൗസിംഗ് സ്കീമും എതിർകക്ഷി വാഗ്ദാനം ചെയ്തിരുന്നു.
തങ്ങൾ സഹകരണ സംഘം ആണെന്നും ആർബിഐയുടെ ലൈസൻസ് ഉണ്ടെന്നും എതിർകക്ഷി പരാതിക്കാരനെ ധരിപ്പിച്ചു.
പണം കിട്ടാത്ത സാഹചര്യത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
“നിക്ഷേപം സ്വീകരിക്കാൻ നിയമപരമായ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരനിൽ നിന്നും തുക സ്വീകരിക്കുകയും അത് മടക്കി നൽകുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും ഉണ്ടെന്ന് ഡി ബി . ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചു.