കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിക്കുകയും പോലീസ് വാഹനത്തിൻ്റെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്ത യുവാവും യുവതിയും വിവിധ ലഹരിക്കേസുകളിലെ പ്രതികള്‍. ഇരുവര്‍ക്കുമെതിരേ എറണാകുളം നോര്‍ത്തിലും സെന്‍ട്രല്‍ സ്റ്റേഷനിലും ലഹരി കേസുകളുണ്ട്. പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ വ്യാഴാഴ്ച്ച രാത്രി 12.15 ഓടെയായിരുന്നു സംഭവം. പാലാരിവട്ടം സ്വദേശി പ്രവീണും പെണ്‍സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയുമാണ് നടുറോഡില്‍ അക്രമം അഴിച്ചു വിട്ടത്.
പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാരാണ് പാലാരിവട്ടം പോലീസിനെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികള്‍ അക്രമം അഴിച്ചുവിട്ടു. പോലീസിന് നേരെ അധിക്ഷേപം നടത്തുകയും കത്തി കാണിച്ച് ഭീഷണി മുഴക്കിയ പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇതില്‍ പ്രകോപിതയായ റെസ്ലി പോലീസ് ജീപ്പിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് വനിതാ പോലീസിനെ സ്ഥലത്തെത്തിച്ച് റെസ്ലിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ പ്രവീണിനെതിരേ കേസ് എടുത്തിട്ടുണ്ട്. റെസ്ലി പാലാരിവട്ടം പോലീസിന്റെ കസ്റ്റഡിയിലുമാണുള്ളത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.