മൊറട്ടോറിയം നീട്ടുമോ? ആര്‍ബിഐ തീരുമാനം ഇന്ന്

മൊറട്ടോറിയം നീട്ടുമോ? ആര്‍ബിഐ തീരുമാനം ഇന്ന്

ദില്ലി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം നീട്ടണമോയെന്ന കാര്യത്തില്‍ ആര്‍ബിഐ തീരുമാനം ഇന്ന് വന്നേക്കും. നിലവിലുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഇടപാടുകാര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതാണ് മൊറട്ടോറിയം നീട്ടുന്നതിനേക്കാള്‍ ഉചിതമെന്ന വാണിജ്യ സംഘടനകളുടെ നിര്‍ദ്ദേശം ആര്‍ബിഐ ധനസമിതി യോഗത്തിന്റെ പരിഗണനയിലുണ്ട്. പലിശ നിരക്കുകള്‍ വീണ്ടും കുറക്കാന്‍ ധനനയ സമിതി തയ്യാറാകുമോയെന്നും ഇന്ന് അറിയാം

കൊവിഡ് പ്രതിസന്ധി മൂലം സാധാരണക്കാരുടെയടക്കം വരുമാനം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വായ്പ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിച്ചത്. ആദ്യം മെയ് മാസം വരെയുണ്ടായിരുന്ന മോറട്ടോറിയം പിന്നീട് ആഗസ്റ്റ് അവസാനം വരെയായി നീട്ടിയിരുന്നു. മോറട്ടോറിയം ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് ഈ കാലയളവില്‍ വായ്പ തിരിച്ചടവിന് സാവകാശം കിട്ടി.

നിരവധിയാളുകള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടി. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മോറട്ടോറിയം ഇനിയും നീട്ടണമോ അതോ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണമോയെന്നാണ് റിസര്‍വ് ബാങ്കിന്റെ മുമ്പിലുള്ള ചോദ്യം. മൊറട്ടോറിയം നീളുന്നത് ബാങ്കുകളുടെ വരുമാനത്തെ ബാധിക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. പകരം വായ്പകള്‍ പുനക്രമീകരിക്കാന്‍ ഇടപാടുകാര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശവും റിസര്‍വ് ബാങ്കിന്റെ മുന്നിലുണ്ട്. 

എല്ലാ മേഖലകളിലും ഈ അവസരം നല്‍കണമെന്നാണ് നിര്‍ദ്ദേശം. വിവിധ വാണിജ്യ സംഘടനകളും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചുവെങ്കിലും കൊവിഡ് വ്യാപനം സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി തുടരുന്നുവെന്ന വിലയിരുത്തലാണ് റിസര്‍വ് ബാങ്കിനുള്ളത്. ഇന്നലെ തുടങ്ങിയ ധനനയ സമിതി യോഗം ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്.

റിപോ റിവേഴ്‌സ് റിപോ നിരക്കുകള്‍ കുറച്ച് പലിശ വീണ്ടും കുറക്കാന്‍ ധനനയ സമിതി തയ്യാറാകുമോയെന്നും ഇന്ന് അറിയാം. കഴിഞ്ഞ 4 മാസത്തിനിടെ റിപോ നിരക്ക് റിസര്‍വ് ബാങ്ക് രണ്ട തവണ കുറച്ചിരുന്നു. പലിശ ഇനിയും കുറച്ചാല്‍ നാണയപ്പെരുപ്പം ഉയരുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. ഈ ഘടകങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ധനനയ സമിതിയുടെ തീരുമാനം.