തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സിപിഐ-എമ്മും വിമര്‍ശിച്ച് യുഡിഎഫും രംഗത്ത്. വര്‍ഗീയ ശക്തികളില്‍ നിന്നും കേരളത്തെ രക്ഷിക്കുന്ന നിലപാടാണ് വിജയരാഘവന്‍ പറഞ്ഞതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയശക്തികളുമായി സന്ധിചേരുന്ന കോണ്‍ഗ്രസിൻ്റെയും ലീഗിൻ്റെയും നിലപാടുകളെയാണ് വിമര്‍ശിച്ചത്. വിജയരാഘവൻ്റെ പ്രസ്താവനയ്ക്ക് പുറത്തെ കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ല. വര്‍ഗീയശക്തികള്‍ക്ക് മണ്ണൊരുക്കുന്ന നിലപാട് സിപിഐ-എമ്മിന് ഇല്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിങ്ങള്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സിപിഐ-എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ അത് ഹിന്ദുക്കള്‍ക്കെതിരല്ല. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും സിപിഐ-എം ഒരുപോലെ എതിര്‍ക്കുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകള്‍ സിപിഐ-എമ്മിനെതിരെ ഇപ്പോള്‍ ശക്തമായി വരികയാണ്. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ് വര്‍ഗീയവാദികളായ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും. ഇവരുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. ഈ വര്‍ഗീയ ശക്തികളെ സഖ്യകക്ഷികളെപ്പോലെ കോണ്‍ഗ്രസ് ചേര്‍ത്തു നടക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അത് കോണ്‍ഗ്രസിനകത്തും ലീഗിനകത്തും ഉണ്ടാകും. ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി ശക്തമായി ഇനിയും എതിര്‍ക്കും. ഭൂരിപക്ഷവര്‍ഗീയതയെയും ശക്തമായി എതിര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷ വര്‍ഗീയതയുടെ ഒപ്പമാണ് സിപിഎം ഇപ്പോഴുള്ളതെന്നും, ആ പറഞ്ഞത് വിജയരാഘവന്റെ അഭിപ്രായമല്ല, പിണറായി വിജയൻ്റെ അഭിപ്രായം ആണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ വിജയരാഘവന് മാറ്റിപറയാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് സിപിഎം ഇനി എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമായെന്നും കെ മുരളീധരന്‍ പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ വിജയരാഘവന്റെ പ്രസംഗമാണ് വിവാദമായത്. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത് കോൺഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് വർഗീയതയെ കോൺഗ്രസ് കാണുന്നത്. ന്യൂനപക്ഷ വർഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് കോൺഗ്രസ് കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കുകയെന്ന പിന്തിരിപ്പൻ രാഷ്‌ട്രീയത്തിന് നേതൃത്വം നൽകിയെന്നും വിജയരാഘവൻ ആരോപിച്ചു.