ഇന്ത്യക്കെതിരെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി

ഇന്ത്യക്കെതിരെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി

ഓക്ലന്‍ഡ്: ഇന്ത്യക്കെതിരെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെയാണ് ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമാക്കാനായത്. ഓക്ലന്‍ഡില്‍ 22 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.3 ഓവറില്‍ 251 എല്ലാവരും പുറത്തായി.  55 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ വമ്പന്‍ തോല്‍വിയെ അഭിമുഖീകരിച്ചെങ്കിലും ശ്രേയസ് അയ്യര്‍ (52), നവ്ദീപ് സൈനി (45) എന്നിവരുടെ ഇന്നിങ്സുകള്‍ തുണയായി. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മോശം തുടക്കമായിരുന്നു ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (3), പൃഥ്വി ഷാ (24) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ഹാമിഷ് ബെന്നറ്റിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. പൃഥ്വിയാവട്ടെ കെയ്ല്‍ ജാമിസണിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. വിരാട് കോലിക്കും (15) വിക്കറ്റ് തെറിച്ച് മടങ്ങാനായിരുന്നു വിധി. സൗത്തിക്കായിരുന്നു വിക്കറ്റ്. തകര്‍പ്പന്‍ ഫോമിലുള്ള കെ എല്‍ രാഹുലിന് (4) ഇന്ന് പിടിച്ചുനില്‍ക്കാനായില്ല. കോളിന്‍ ഡി ഗ്രാന്‍ഹോമിന്റെ പന്തില്‍ സ്‌ക്വയര്‍ കട്ടിന് ശ്രമിച്ചപ്പോള്‍ ബാറ്റില്‍ തട്ടി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. 

കേദാര്‍ ജാദവ് (9) ടിം സൗത്തിയുടെ പന്തില്‍ ഹെന്റി നിക്കോള്‍സിന് ക്യാച്ച് നല്‍കി. അര്‍ധ സെഞ്ചുറി നേടിയ അയ്യരെ ബെന്നറ്റിന്റെ പന്തില്‍ ലാഥം പിടിച്ചുപുറത്താക്കി. ഷാര്‍ദുല്‍ ഠാകൂര്‍ കാമിയോ റോളിന് ശ്രമിച്ചെങ്കിലും ഗ്രാന്‍ഹോമിന്റെ പന്തില്‍ വിക്കറ്റ് തെറിച്ചുമടങ്ങി. അപ്പോള്‍ ഏഴിന് 153 എന്ന നിലയിലായി ഇന്ത്യ. പിന്നാലെയായിരുന്നു സൈനിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനം. 49 പന്ത് നേരിട്ട താരം രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി. ജഡേജയ്ക്കൊപ്പം 76 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.  സൈനി മടങ്ങിയതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. യൂസ്വേന്ദ്ര ചാഹല്‍ (12 പന്തില്‍ 10) ചെറുന്ന് നിന്നെങ്കില്‍ റണ്ണൗട്ട് വിനയായി. നീഷാം എറിഞ്ഞ 49ാം ഓവറിന്റെ മൂന്നാം ജഡേജ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ലോങ് ഓഫില്‍ ഗ്രാന്‍ഹോമിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. 73 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്. നീഷാമിന് പുറമെ ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍, ഗ്രാന്‍ഹോം, ബെന്നറ്റ് എ്ന്നിവര്‍ രണ്ട വിക്കറ്റ് വീതം വീഴത്തി.

നേരത്തെ കിവീസിനായി ഗപ്റ്റില്‍, ടെയ്ലര്‍ എന്നിവര്‍ക്ക് പുറമെ ഹെന്റി നിക്കോള്‍സും (41) മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 273 റണ്‍സെടുത്തത്തത്.ടോം ബ്ലണ്ടല്‍ (22), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (79), ടോം ലാഥം (7), ജയിംസ് നീഷാം (3), കോളിന്‍ ഡി ഗ്രാന്‍ഹോം (5), മാര്‍ക് ചാപ്മാന്‍ (1), ടിം സൗത്തി (3)എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. കെയ്ല്‍ ജാമിസണ്‍ (24 പന്തില്‍ 25) ടെയ്ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു. ടെയ്‌ലര്‍- ജാമിസണ്‍ സഖ്യം77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച തുടക്കായിരുന്നു കിവീസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഗപ്റ്റില്‍- നിക്കോള്‍സ് സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച സ്‌കോറിലേക്ക് പോകുന്നതിനിടെ നിക്കോള്‍സിനെ യൂസ്വേന്ദ്ര ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ബ്ലണ്ടല്‍ നിരാശപ്പെടുത്തി.നന്നായി തുടങ്ങിയെങ്കിലും ഷാര്‍ദുല്‍ ഠാകൂറിന് വിക്കറ്റ് സമ്മാനിച്ച് ബ്ലണ്ടല്‍ പവലിയനില്‍ തിരിച്ചെത്തുകയായിരുന്നു. 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗപ്റ്റിലും മടങ്ങി. സിംഗിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗപ്റ്റില്‍ റണ്ണൗട്ടാവുകയായിരുന്നു. ഷോര്‍ട്ട് തേര്‍ഡ്മാനില്‍ നിന്ന് ഠാകൂറിന്റെ ത്രോ പിടിച്ചെടുത്ത രാഹുല്‍ ബെയ്ല്‍സ് ഇളക്കി. 

കൂട്ടുകെട്ട് അനിവാര്യമായ സമയത്ത് ലാഥം മടങ്ങിയത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ലാഥം. നീഷാം ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായപ്പോള്‍ ഗ്രാന്‍ഹോം ഠാകൂറിന് വിക്കറ്റ് നല്‍കി മടങ്ങി. ചാപ്മാനാവാട്ടെ ചാഹലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. സൗത്തിയും ചാഹലിന്റെ പന്തില്‍ കീഴടങ്ങുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിപു പേസര്‍ മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനി ടീമിലെത്തി. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ കുല്‍ദീപ് യാദവിന് പകരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. കിവീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. സ്പിന്നര്‍മാരായ ഇഷ് സോഥിയേയും മിച്ചല്‍ സാന്റ്നറേയും തഴഞ്ഞു. പകരം മാര്‍ക് ചാപ്മാന്‍, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ ടീമിലെത്തി