ഹാമില്‍ട്ടണ്‍ ടെസ്റ്റ്;  ന്യൂസിലന്‍ഡ് ഇലവനെതിരായ   പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.

ഹാമില്‍ട്ടണ്‍ ടെസ്റ്റ്;  ന്യൂസിലന്‍ഡ് ഇലവനെതിരായ   പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.

ഹാമില്‍ട്ടണ്‍: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഹനുമാ വിഹാരിയും(101*) അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും(93) ആണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(1), ശുഭ്മാന്‍ ഗില്‍(0) എന്നിവരെ നഷ്ടമായി. 5/3 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പൂജാരയും രഹാനെയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും സ്‌കോര്‍ 38ല്‍ നില്‍ക്കെ രഹാനെയും(18) വീണു. പിന്നീടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന് മാന്യത നല്‍കിയ വിഹാരി-പൂജാര കൂട്ടുകെട്ട്.

നാലാം വിക്കറ്റില്‍ 195 റണ്‍സടിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 233ല്‍ എത്തിച്ചു. പൂജാര വീണതിന് പിന്നാലെ എത്തിയ ഋഷഭ് പന്ത്(7), വൃദ്ധിമാന്‍ സാഹ(0), അശ്വിന്‍(0), ജഡേജ(8) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 263/9ലേക്ക് തകര്‍ന്നടിഞ്ഞു.  ന്യൂസിലന്‍ഡ് എക്കായി സ്‌കോട്ട് കുഗ്ലെജനും ഇഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജേക്ക് ഗിബ്‌സണ്‍ രണ്ടും ജെയിംസ് നീഷാം ഒരു വിക്കറ്റുമെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യക്കായി ബാറ്റിംഗിന് ഇറങ്ങിയില്ല.