ചെന്നൈ: അടുത്ത 24 മണിക്കൂറിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനത്തിൻ്റെ അടിസ്ഥാനത്തില്‍ കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തീവ്രവും അതിതീവ്രവുമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നവംബര്‍ 26ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിനകം രൂപപ്പെടുമെന്ന് കരുതുന്ന ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിൻ്റെ സ്വാധീനഫലമായാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തീവ്രവും അതിതീവ്രവുമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നിലവില്‍ കനത്തമഴ ലഭിച്ച രാമനാഥപുരം, നാഗപട്ടണം ജില്ലകളില്‍ വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് അവധിയാണ്. രാമനാഥപുരം ജില്ലയിലെ രാമേശ്വരം, പാമ്പന്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച കാര്യമായ മഴ ലഭിച്ചത്.
രാമേശ്വരത്ത് 41 സെൻ്റിമീറ്ററും പാമ്പനില്‍ 19 സെൻ്റിമീറ്ററും മഴ രേഖപ്പെടുത്തി. പാമ്പന്‍, തങ്കച്ചിമഠം മേഖലകളില്‍ ബുധനാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 24 സെൻ്റിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. ഇതിൻ്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. രാമനാഥപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ശരാശരി 10 സെൻ്റിമീറ്റര്‍ മഴയാണ് കിട്ടിയത്.
തിരുനെല്‍വേലി ജില്ലയില്‍ പശ്ചിമഘട്ട മലയോര മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച 16.6 സെന്റിമീറ്റര്‍ വരെയാണ് മഴ ലഭിച്ചത്. കനത്ത മഴയില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവാരൂര്‍, മയിലാടുംതുറൈ, നാഗപട്ടണം ജില്ലകളിലാണ് കാര്യമായ നാശനഷ്ടം ഉണ്ടായത്. വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ തമിഴ്നാട്ടില്‍ 276 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 418 മില്ലിമീറ്റര്‍. ഇത് സാധാരണയില്‍ നിന്ന് 67 ശതമാനം കൂടുതലാണ്. ചെന്നൈ ഉള്‍പ്പെടെ 17 ജില്ലകളില്‍ അധിക മഴ രേഖപ്പെടുത്തിയപ്പോള്‍ മറ്റു ജില്ലകളില്‍ മഴലഭ്യതയില്‍ കുറവുണ്ടായി.