ന്യൂഡൽഹി:പഞ്ചാബ്–- ഹരിയാന അതിർത്തിയായ ഖന്നൗരിയിൽ നിരാഹാര സമരം തുടരുന്ന ജഗ്‌ജിത് സിങ് ദല്ലേവാളിനൊപ്പം 111 കർഷകർകൂടി ബുധനാഴ്‌ച മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. പകൽ രണ്ടുമുതൽ കറുത്ത ബാഡ്‌ജണിഞ്ഞാകും പ്രതിഷേധം ആരംഭിക്കുകയെന്ന് നേതാക്കൾ പറഞ്ഞു.
ചൊവ്വാഴ്‌ച ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം പൂർത്തിയായി. ഭക്ഷണം കഴിക്കാതെ വെള്ളംമാത്രം കുടിച്ചാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. വിളകൾക്ക് സ്വമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത താങ്ങുവില പ്രഖ്യാപിക്കുക, വിള ഇൻഷുറൻസ് ഏർപ്പെടുത്തുക, കാർഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഖന്നൗരി, ശംഭു പോയിന്റുകളിൽ കർഷക സമരം തുടരുന്നത്.
അതേസമയം, ഇവിടങ്ങളിൽ സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) , കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) സംഘടനകളുടെ അഭ്യർഥന മാനിച്ച് സംയുക്ത കിസാൻമോർച്ച തിങ്കളാഴ്‌ച ഐക്യചർച്ച നടത്തിയിരുന്നു. ഒന്നിച്ചുള്ള സമരങ്ങൾ ആവിഷ്‌ക്കരിക്കാനായി 18ന് വീണ്ടും യോഗം ചേരും.