കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കം മറുപടി നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്രസർക്കാർ എന്നിവയ്ക്ക് കോടതി നിർദേശം നൽകി.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോള്‍ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.