വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. വിവാഹ ഡോക്യുമെൻ്ററി എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും സിനിമ മേഖലയില്‍ നയന്‍താരയുടെ തുടക്കം മുതല്‍ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ വരെ ഡോക്യുമെൻ്ററിയില്‍ പങ്കുവെക്കുന്നുണ്ട്. അതില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും അടങ്ങുന്ന ഭാഗം തന്നെയാണ്.
ഇരുവരുടേയും പ്രണയത്തിൻ്റെ മുഴുവന്‍ കഥ ഇപ്പോള്‍ പുറത്തുവന്ന ഡോക്യുമെൻ്ററിയിലുണ്ട്. 2015-ല്‍ ‘നാനും റൗഡി താന്‍’ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ പ്രണയം മൊട്ടിട്ട കഥ ടീസറിലൂടെ തന്നെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. ഇതിൻ്റെ മുഴുവന്‍ ഭാഗം ഇപ്പോള്‍ പുറത്തുവന്ന ഡോക്യുമെൻ്ററിയിലുണ്ട്.
താന്‍ എക്കാലത്തും തേടിക്കൊണ്ടിരുന്ന ആളാണ് വിഘ്‌നേഷ് എന്നാണ് നയന്‍സ് വിശേഷിപ്പിക്കുന്നത്. തൻ്റെ ഹൃദയവും ആത്മാവും തേടിക്കൊണ്ടിരുന്നത് അവനെപ്പോലെ ഒരാളെയായിരുന്നു. അവനെപ്പോലെ മറ്റൊരാള്‍ക്കും ആവാന്‍ കഴിയില്ലെന്ന് ഈ വര്‍ഷങ്ങള്‍ക്കിടെ താന്‍ മനസിലാക്കിയെന്നും നയന്‍താര ഡോക്യുമെൻ്ററിയില്‍ പറയുന്നു.
നാനും റൗഡി താന്‍ സിനിമയില്‍ നയന്‍താരയുടെ ഇടപെടല്‍ തൻ്റെ ആത്മവിശ്വാസം എങ്ങനെ വര്‍ധിപ്പിച്ചെന്ന് വിഘ്‌നേഷ് ശിവന്‍ തന്നെ ഡോക്യുമെൻ്ററിയില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുമ്പോള്‍, നയന്‍താര ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ആശയമായിരുന്നു വിഘ്‌നേഷിന് ഉണ്ടായിരുന്നത്. എന്നാല്‍ അത് അവരോട് പറയാന്‍ മടിച്ചു. പക്ഷെ, കട്ട് പറഞ്ഞുകഴിഞ്ഞ് വിഘ്‌നേഷിൻ്റെ മുഖഭാവത്തില്‍നിന്ന് കാര്യം മനസിലാക്കിയ നയന്‍താര ഒരു ടേക്ക് കൂടെ എടുക്കാമെന്ന് പറഞ്ഞു. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് അതുപോലെ എടുക്കാമെന്ന് നയന്‍താര പറഞ്ഞു. വേണ്ട, കുഴപ്പമില്ലെന്ന് വിഘ്‌നേഷ് മറുപടി നല്‍കിയപ്പോള്‍, നിങ്ങളാണ് ചിത്രത്തിൻ്റെ സംവിധായകന്‍, നിങ്ങള്‍ പറയുന്നത് അഭിനയിക്കുക എന്നതാണ് എൻ്റെ ജോലി എന്ന് നയന്‍താര അല്പം ശബ്ദം കൂട്ടി പറഞ്ഞു.
നയന്‍താരയുടെ ഈ ഇടപെടല്‍ സംവിധായകനെന്ന നിലയില്‍ ചിത്രത്തിൻ്റെ നിയന്ത്രണം തൻ്റെ കൈയില്‍ തന്നെയാണ് തോന്നിക്കാന്‍ കാരണമായെന്ന് വിഘ്‌നേഷ് പറയുന്നു. സിനിമ ചെയ്യുമ്പോള്‍ അതിനുമുമ്പുവരെ തനിക്കില്ലാതിരുന്ന ആത്മവിശ്വാസം ആ സംഭവത്തിന് ശേഷമുണ്ടായി. ചിത്രത്തിൻ്റെ ലാസ്റ്റ് ഷെഡ്യൂള്‍ വരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
‘വളരെക്കാലം എന്നെ കാണാന്‍ പോലും വിക്കി മടിച്ചു. പലതവണ ഞാന്‍ കൊച്ചിയിലേക്കും മറ്റും വിളിച്ചു. പക്ഷേ, ഒരുമാസത്തോളം അവന്‍ വന്നില്ല. എന്തിനാണ് എന്നെ അവോയ്ഡ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ഒടുവിൽ അവന്‍ വരാന്‍ സമ്മതിച്ചു. ഒടുവില്‍ അവന്‍ കൊച്ചിയിലേക്ക് വന്നു. കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു, ഞങ്ങള്‍ പ്രണയത്തിലാണെന്ന്’, നയന്‍താര പറഞ്ഞു.
‘ഞങ്ങള്‍ക്കിടയില്‍ എന്തോ സംഭവിക്കുന്നുണ്ടായിരുന്നു. പക്ഷേ, ചിത്രത്തിലായിരുന്നു എൻ്റെ ശ്രദ്ധമുഴുവന്‍. ചിത്രം കൃത്യമായി പൂര്‍ത്തിയാക്കേണ്ടിയിരുന്നു, മറ്റ് കാര്യങ്ങളിലേക്ക് വഴുതിപ്പോകാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് ചിത്രത്തെ ബാധിക്കും. ആ ഭയം എനിക്കുണ്ടായിരുന്നു’, വിഘ്‌നേഷ് പറഞ്ഞു.
വിഘ്‌നേഷിനെ മരുമകനായി ലഭിച്ചതിനെക്കുറിച്ച് നയന്‍താരയുടെ അമ്മ പറയുന്നത് ഇങ്ങനെ: മകളെ പൊന്നുപോലെ നോക്കുന്ന ഒരു പയ്യനെ കിട്ടണേയെന്ന് ഞാന്‍ ഒത്തിരി പ്രാര്‍ഥിച്ചിട്ടുണ്ട്. ദൈവം ആ പ്രാര്‍ഥന കേട്ടു. ഞാന്‍ അവനെ പ്രസവിച്ചില്ലെന്ന് മാത്രമേയുള്ളൂ, എനിക്ക് അവന്‍ അത്രയ്ക്ക് ജീവനാണ്.
‘അമ്മയെപ്പോലെ എന്നെ നോക്കുന്ന മറ്റൊരാളുമില്ലെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് ആത്മവിശ്വാസത്തോടെ പറയാം, ലോകത്ത് മറ്റൊരാളെക്കാളും എന്നെ അവന്‍ നോക്കും. അമ്മ പോലും അത് പറയും. ചിലപ്പോ എനിക്ക് കുറ്റബോധം തോന്നും, ഞാന്‍ അവന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ അവന്റെ ജീവിതം കുറച്ചുകൂടെ എളുപ്പവും ചിലപ്പോള്‍ സന്തോഷകരവും മികച്ചതുമാവുമായിരുന്നു എന്ന്…’, നയന്‍താര പറഞ്ഞു.
പക്ഷേ, ഇത് വിഘ്‌നേഷ് നിഷേധിച്ചു. ‘ഒരിക്കലുമില്ല. നയന്‍താര വന്നതിന് ശേഷമാണ് എൻ്റെ ‘ജീവിതം’ ആരംഭിച്ചതുതന്നെ. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതായിരുന്നു. ഇരുട്ട് മൂടിക്കിടന്ന ജീവിത്തില്‍ പെട്ടെന്ന് വന്നൊരു സൂര്യോദയം പോലെ എൻ്റെ ജീവിതത്തിലേക്ക് വന്ന് എല്ലാം പ്രകാശമാനവും മനോഹരവുമാക്കി’, വികാരഭരിതനായി വിഘ്‌നേഷ് പറഞ്ഞു. കൊച്ചിയില്‍ നയന്‍താരയെ കാണാന്‍ പോകുമ്പോള്‍ ബിരിയാണിയും ചിക്കന്‍ കറിയും കേക്കുമടക്കം ഭക്ഷണങ്ങള്‍ പാകം ചെയ്തുതരാറുണ്ടായിരുന്നുവെന്നും വിഘ്‌നേഷ് ഓര്‍ത്തെടുത്തു.