കണ്ണൂർ: ആത്മകഥാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. തൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളിൽ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചിട്ടില്ല.
24ന്യൂസ്, മലയാള മനോരമ തുടങ്ങിയ ചാനലുകള്‍ അനാവശ്യപ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മകഥയുടെ പേര്, കവര്‍പേജ് ഇവയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസി ബുക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസി ബുക്‌സിന് ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചത് എങ്ങനെ?. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അടിസ്ഥാനഹരിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണ്. അതില്‍ സമഗ്ര അന്വേഷണം നടത്തണം. എൻ്റെ പുസ്തകം ഞാന്‍ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുക?. തികച്ചും തെറ്റായ നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചിട്ടുള്ളത്. എങ്ങനെയാണ് തൻ്റെ അനുവാദമില്ലാതെ ആത്മകഥ പ്രസിദ്ധികരിക്കുക. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. ശക്തമായ നടപടി സ്വീകരിക്കും.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചിന്ത ബുക്‌സ് വന്നാല്‍ അവരുമായി ആലോചിക്കും. ആത്മകഥ എഴുതാന്‍ തുടങ്ങിയിട്ട് നാളേറെയായി. എഴുതിയ കാര്യങ്ങള്‍ കൊടുക്കുന്നു. അത് തയ്യാറാക്കി വരുന്നു. താന്‍ അത് ഏല്‍പ്പിച്ചത് വിശ്വസ്തനായ പത്രപ്രവര്‍ത്തകനെയാണ്. അദ്ദേഹത്തെയാണ് ഭാഷാശുദ്ധി വരുത്തി എഡിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പുറത്ത് വന്നത് താന്‍ എഴുതാത്ത കാര്യങ്ങളാണ്. എന്നെ പരിഹസിക്കുന്ന ഭാഗം ഞാന്‍ തലക്കെട്ടായി കൊടുക്കുമോ?’. ജയരാജന്‍ ചോദിച്ചു.