back to top
Thursday, November 21, 2024
Google search engine
HomeLatest Newsതൊണ്ടിമുതൽ കേസ്: മുന്‍മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

തൊണ്ടിമുതൽ കേസ്: മുന്‍മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആൻ്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചുവെന്നാണ് ആൻ്റണി രാജുവിനെതിരേയുള്ള ആരോപണം

കേസിൻ്റെ നാൾവഴി ഇങ്ങനെ

1990 ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു. ആൻ്റണി രാജു തൻ്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.

പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിൻ്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.

കേസിലെ നിര്‍ണായക തെളിവായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. മന്ത്രി ആൻ്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. കെ.കെ. ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി.

ഇതിനിടെ ആൻ്റണി രാജു എം.എല്‍.എ.യായി. 2005-ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐ.ജി.യായിരുന്ന ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചംകണ്ടില്ല. 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആൻ്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments