തിരുവനന്തപുരം: സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ താൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും നാളെ രാവിലെ 10 മണിക്ക് ബിജെപി ഓഫീസിൽ വെച്ച് അംഗത്വം സ്വീകരിക്കുമെന്നും സിപിഎം വിട്ട മധു മുല്ലശ്ശേരി. മകനടക്കം നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നും മധു മാധ്യമങ്ങളോട് പറഞ്ഞു. മധുവിൻ്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ മധുവിനെ ഷാളണിയിച്ച് സ്വീകരിച്ചു.
ഏരിയ സെക്രട്ടറി സ്ഥാനം നൽകിയില്ല എന്നതുകൊണ്ടല്ല സിപിഎം വിട്ടതെന്നും സ്ഥാനം ലഭിച്ചിരുന്നെങ്കിലും പോകുമായിരുന്നുവെന്നും മധു പറഞ്ഞു. ‘തൻ്റെ സുഹൃത്തുക്കളോട് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഏരിയാ സെക്രട്ടറി ആകണമെന്ന് പോലും തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ, സമ്മേളനം കഴിയുന്നതുവരെ നിൽക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഈ രീതിയിൽ സിപിഎമ്മിൽ നിന്ന്പോകാൻ തനിക്ക് സാധ്യമല്ലെന്ന് ഏറെ നാളുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയതാണ്’.
നിരവധി പാർട്ടി മെമ്പർമാർ തനിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി മോദിയുടെ വികസന പ്രവർത്തനങ്ങളെ എത്ര കുറ്റപ്പെടുത്തിയാലും ചെറുതാക്കി കാണാൻ സാധ്യമല്ല. വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് ബിജെപിയിലേക്ക് പോകുന്നത്. പാർട്ടിയിൽ മെമ്പർഷിപ്പ് നാളെ സ്വീകരിക്കും. സംസ്ഥാന കാര്യാലയത്തിൽ എത്തി അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് പ്രാഥമിക അംഗത്വം സ്വീകരിക്കും. സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്നലെവരെ ആരും ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴാണ് സാമ്പത്തിക ആരോപണം ഉടലെടുത്തത്’ -മധു മുല്ലശ്ശേരി പറഞ്ഞു.