ദോഹ: സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബാലൺ ദ്യോർ നേരിയ വ്യത്യാസത്തിന് നഷ്ടമായ റയൽ താരത്തിന് ഫിഫ പുരസ്കാരം മധുരമുള്ള നേട്ടമായി.
സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റി മികച്ച വനിതാ താരമായി. തുടർച്ചയായ രണ്ടാംതവണയാണ് മുന്നേറ്റനിരതാരം പുരസ്കാരം നേടുന്നത്. ബാലൺ ദ്യോർ പുരസ്കാരവും താരത്തിനാണ്. സ്പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്.
സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ മുന്നേറ്റത്തിൽ നടത്തിയ തീപ്പൊരി പ്രകടനമാണ് ബ്രസീൽ താരം വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. സ്പാനിഷ് താരം റോഡ്രി, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, നോർവേ താരം ഏർലിങ് ഹാളണ്ട്, അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി എന്നിവരെ പിന്തള്ളിയാണ് മികച്ചതാരമായത്.
റൊണാള്‍ഡോ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ആകും
ബ്രസീലിയ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം 48-കാരനായ റൊണാള്‍ഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
നിലവിലെ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസിന്റെ കാലവധി 2026 വരെയാണ്. അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തുന്ന സിബിഎഫ് തിരഞ്ഞെടുപ്പിലാണ് റൊണാള്‍ഡോ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 1994,2002 ലോകകപ്പുകളില്‍ ബ്രസീലിന് ലോകകപ്പ് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റൊണാള്‍ഡോ.
രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി
നവി മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്‍ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
നവി മുംബൈയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ടാം മത്സരം കളിച്ചിരുന്നില്ല. ഓപ്പണർ സ്മൃതി മന്ഥനയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണു നേടിയത്. ക്യാപ്റ്റൻ സ്മൃതി 41 പന്തിൽ 62 റൺസെടുത്തു പുറത്തായി.
കേരള ബ്ലാസ്റ്റേഴ്സിൻ്റെ താൽക്കാലിക കോച്ചായി ടി.ജി.പുരുഷോത്തമൻ വന്നേക്കും
കേരള ബ്ലാസ്റ്റേഴ്സിൻ്റെ താൽക്കാലിക കോച്ചിങ്ങ് ചുമതല മലയാളിയായ സഹപരിശീലകൻ ടി.ജി.പുരുഷോത്തമനെ ഏൽപിക്കുമെന്നു സൂചന. ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനും യൂത്ത് ഡവലപ്മെന്റ് ഹെഡുമായ തോമാസ് കോർസിനാകും പരിശീലന ഒരുക്കങ്ങളുടെ ചുമതല.
പുതിയ ഹെഡ് കോച്ച് ടീമിനൊപ്പം ചേരുന്നതു വരെ പുരുഷോത്തമനും തോമാസ് കോർസും ടീമിന്റെ ചുമതല നിർവഹിക്കുമെന്നു കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. 22ന് കൊച്ചിയിൽ കൊൽക്കത്ത മുഹമ്മദൻസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പുരുഷോത്തമൻ ഗോൾ കീപ്പറായിരിക്കെ കേരളം രണ്ടുവട്ടം സന്തോഷ് ട്രോഫി നേടിയിരുന്നു. 2023 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനാണ്.