ചർമ്മം തിളങ്ങണ്ടേ... എങ്കിൽ ഇവയെല്ലാം കഴിച്ചോളു...

ചർമ്മം തിളങ്ങണ്ടേ... എങ്കിൽ ഇവയെല്ലാം കഴിച്ചോളു...

മിക്കവരെയും ഏറെ അലട്ടുന്ന പ്രശ്നമാണ് ചർമ്മത്തിന് വേണ്ടത്ര നിറമില്ലാത്തത്. ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കാനായി പലതരത്തിലുള്ള ക്രീമുകളും കെമിക്കൽ ചികിത്സകളും നമ്മൾ ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ ഇവയുടെ ഒന്നും സഹായമില്ലാതെ തന്നെ നിറം വർധിപ്പിക്കാൻ ആഹാര ക്രമത്തിൽ താഴെ പറയുന്ന അഞ്ച് ഭക്ഷണ പദാർഥങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മതി. സാച്ച്വറലായി തന്നെ നിറം വർധിപ്പിക്കാം.

തക്കാളി

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ തക്കാളിയ്ക്ക് കഴിയും. സൂര്യരശ്മികള്‍ ഏറ്റ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളിയ്ക്ക് കഴിയും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസ്ട്രിജന്റുകള്‍ ചര്‍മ്മത്തിൻ്റെ ഉപരിതലത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സെബത്തിൻ്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മുഖക്കുരു, മുഖത്തെ കരിവാളിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കാനും തക്കാളി ഏറ്റവും അനുയോജ്യമായ പ്രതിവിധി ആണ്. 

ബദാം

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ബദാം. വിവിധ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് ബദാം. ഒരാള്‍ കുറഞ്ഞത് ദിവസവും 10 മുതല്‍ 15 വരെ ബദാം കഴിക്കണമെന്നാണ് പറയുന്നത്. എല്ലാ ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കിയാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച, ചുളിവുകള്‍, മറ്റ് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നീങ്ങിക്കിട്ടും. ബദാമില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും.

സാൽമൺ ഫിഷ്

പോഷക ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒരു മത്സ്യമാണ് സാല്‍മണ്‍. ചര്‍മ്മ സൗന്ദര്യത്തിനും സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് വളരെയേറെ പ്രയോജനപ്രദമാണെന്നാണ് വിദ്ഗധര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാല്‍മണ്‍. ഇത് കൊളാജന്റെയും പ്രോട്ടീൻ്റെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യ പൂര്‍ണമായി സംരക്ഷിക്കുകയും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും. സാല്‍മണില്‍ അടങ്ങിയിട്ടുള്ള സെലിനിയം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്ന സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു.

അവക്കാഡോ

ആന്റി ഓക്‌സിഡൻ്റുകളായ ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് പലരും അവോക്കാഡോയുടെ പള്‍പ്പ് ഉപയോഗിച്ച് മുഖലേപനങ്ങള്‍ തയ്യാറാക്കാറുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. വിറ്റാമിന്‍ ഇ, മറ്റ് അവശ്യ എണ്ണകള്‍ തുടങ്ങിയവയുടെ ഉറവിടമാണ് അവോക്കാഡോ. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവോക്കാഡോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.

ഇലക്കറികൾ

ചര്‍മ്മ സംരക്ഷണത്തിന് വളരെ പ്രധാനമാണ് ഇലക്കറികള്‍. പോഷകമൂല്യങ്ങള്‍ ധാരാളമടങ്ങിയിട്ടുണ്ട് ഇലക്കറികളില്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ, ല്യൂട്ടിന്‍, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായി ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഇത്തരം ഇലക്കറികള്‍ ദിവസേന ആഹാരത്തിൻ്റെ ഭാഗമാകുന്നത് മുഖക്കുരു വരുന്നത് തടയുകയും ചെയ്യും.