ന്യൂഡല്‍ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് മോശമായ കമന്റ് പറഞ്ഞെന്ന വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടി.
കര്‍ണാടക ഹൈക്കോടതിയില്‍ വാദത്തിനിടെ, ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രിശാനന്ദയാണ് അഭിഭാഷകയോട് മോശം കമന്റ് പറഞ്ഞത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍. ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
1914-ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തത്. രജിസ്ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഘോഷിന് ആരെയും ചികിത്സിക്കാന്‍ അവകാശമില്ല.
അന്നയുടെ മരണം; ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ച് ഏണസ്റ്റ് യംഗ്
അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ നിർദ്ദേശിച്ച് ഏണസ്റ്റ് യംഗ് . കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകുംവരെ ഡ്യൂട്ടിയിൽ കയറരുതെന്നും നിർദേശം. അന്നയുടെ മാനേജർമാർക്കെതിരെ കമ്പനിയിൽത്തന്നെയുള്ളവർ രംഗത്തെത്തിയിരുന്നു. മാനേജർമാർ അവരുടെ താല്പര്യങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെന്നും ജോലി ഭാരം കൂട്ടുകയാണെന്നും ഉൾപ്പടെയുള്ള വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജര്‍ മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരുന്നത്. ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്തുതീർക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനിടെ അതിനും മുകളിൽ ജോലി നൽകുന്ന പ്രവണത ഇവർക്കുണ്ടായിരുന്നു.
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതുസമ്മേളനം ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത് നടത്തുമെന്ന് വിജയ്
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത് സമ്മേളനം നടക്കും. സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ് വ്യക്തമാക്കി. വൈകിട്ട് നാല് മണിക്കാണ് സമ്മേളനം.
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ വിജയ് നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.
തിരുപ്പതി ലഡ്ഡുവില്‍ മീന്‍ എണ്ണയും മൃഗക്കൊഴുപ്പും; സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്
തിരുപ്പതി അമ്പലത്തിലെ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിലാണ് മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുള്ളത്.
ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലാണ് തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.
ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പന്നിയുടെ കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു.