തിരുവനന്തപുരം: കാലത്തിന് അനുസൃതമായ അനിവാര്യമായ നടപടിയാണ് സ്വകാര്യ സര്‍വകലാശാലകളെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതില്‍ നിന്നും ഇനിയും നമുക്ക് മാറി നില്‍ക്കാനാകില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനും മുന്നേറ്റത്തിനും അനിവാര്യമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതോടൊപ്പം നിലവിലുള്ള സര്‍വകലാശാല നിയമങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള മറ്റൊരു ബില്ലും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാല ബില്ലിനെ സിപിഐ എതിര്‍ത്തിരുന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും, അതെല്ലാം ഉള്‍ക്കൊണ്ട് ഐകകണ്‌ഠേനയാണ് ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചത്. സിപിഐ പൂര്‍ണമായി എതിര്‍ത്തിട്ടില്ല. ചെറിയ ചില കാര്യങ്ങളില്‍ സിപിഐ ചില മാറ്റം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസമന്ത്രി ഈ സര്‍വകലാശാലകലില്‍ വിസിറ്ററായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉണ്ടായിരുന്നു. അതിനു പകരം അതത് സര്‍വകലാശാലകളുടെ ജൂറിസ്ഡിക്ഷനുമായി ബന്ധപ്പെട്ട് പല മന്ത്രിമാരും ആകാവുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.
സംസ്ഥാനത്ത് സ്വകാര്യസർവകലാശാല സ്ഥാപിക്കാൻ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് കരട് നിയമനിർമ്മാണബില്ലിന് അംഗീകാരം നൽകിയിരുന്നു. ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു . ഭരണപരമായ കാര്യങ്ങളിൽ സർക്കാറിന് അധികാരം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുൾപ്പെടെ സർക്കാർ പ്രതിനിധികൾ ഭരണസമിതിയിലുണ്ടാകും.
നിയമം ലംഘിച്ചാൽ ആറ് മാസം മുമ്പ് നോട്ടീസ് നൽകി പിരിച്ചുവിടാം. ഭരണപരമോ, സാമ്പത്തികമോ ആയ വിവരങ്ങളും റെക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടായിരിക്കും.
വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ, അനുമതിപത്രം പിൻവലിക്കാം. വ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണത്തിന് സർക്കാറിന് ഉത്തരവിടാം.
വിസിറ്റർ ഒഴിവാക്കി
സംവരണം,വിസിറ്റർ പദവിയിലെ സുതാര്യത തുടങ്ങിയ കാര്യങ്ങളിലാണ് സി.പി.ഐ പ്രധാനമായും എതിർപ്പ്അറിയിച്ചത്. മന്ത്രി പി.രാജീവ് സി.പി.ഐ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സമവായമായി. എല്ലാ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസമന്ത്രിയായിരിക്കും വിസിറ്റർ എന്നായിരുന്നു സർക്കാർ നിലപാട്. ഒത്തുതീർപ്പെന്ന നിലയിൽ സ്വകാര്യസർവകലാശാലകളിൽ വിസിറ്റർ പദവി ഒഴിവാക്കും.എസ്.സി.എസ്. ടി സംവരണം ബില്ലിൽ ഉൾപ്പെടുത്തി.
ഫീസിൽ നിയന്ത്രണമില്ല
#ഫീസിലും പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമുണ്ടാകില്ല.അദ്ധ്യാപക നിയമനത്തിൽ ഇടപെടാനാകില്ല.ഓരോ കോഴ്സിനും എസ്.സി.ക്ക്15%, എസ്.ടി.ക്ക് 5% സംവരണവും ഫീസിളവുമുണ്ടാകും.
കേരളത്തിലുള്ളവർക്ക് 40% പ്രത്യേക സംവരണം.
# സ്വകാര്യ സർവകലാശാലകൾക്ക് അപേക്ഷിക്കുമ്പോൾ
25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.
മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം
വിദ്യാർത്ഥി യൂണിയൻ
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സ്വകാര്യ സർവകലാശാലകളിൽ വിദ്യാർഥി യൂണിയനും വിദ്യാർഥി കൗൺസിലുമുണ്ടാകും.തിരഞ്ഞെടുപ്പും നിർദേശിച്ചിട്ടുണ്ട്
പ്രോവൈസ്ചാൻസലറാണ് സർവകലാശാല സ്റ്റുഡന്റ്സ് കൗൺസിൽ അധ്യക്ഷൻ. മൂന്ന് അദ്ധ്യാപകരും തിരഞ്ഞെടുക്കുന്ന 10 വിദ്യാർഥികളും സ്റ്റുഡന്റ്സ് കൗൺസിലിൽ അംഗമായിരിക്കും.വിദ്യാർഥികളുടെ പരാതി പരിഹാരത്തിന് ദ്വിതല സമിതി.