പാലക്കാട്: വിട്ടു പിരിയാനാവാത്ത സൌഹൃദം പങ്കിട്ടിരുന്ന അവര്‍ ഒരുമിച്ച് നിത്യനിദ്രയിലേക്ക് മാഞ്ഞു. നാലുപേരുടേയും കബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍ നടന്നു. ജീവിതത്തിലും മരണത്തിലും വേര്‍പിരിയാത്ത ആ കൂട്ടുകാരുടെ കബറിടങ്ങളും ഒരു നിരയിലായിരുന്നു.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്തുണ്ടായ അപകടത്തിലാണ് കൂട്ടുകാരികളും എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളുമായ റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, നിദ ഫാത്തിമ, ആയിഷ എന്നിവര്‍ മരിച്ചത്.
വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ നടന്നുവരുന്നതിനിടെ ഇവരുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടികളുടെ വീടുകളിലെത്തിച്ച മൃതദേഹം എട്ടരയോടെ തുപ്പനാട് കരിനമ്പനയ്ക്കല്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി മാറ്റിയിരുന്നു. ഉറ്റവരും നാടുമുഴുവനും ആദാരഞ്ജലി അര്‍പ്പിക്കാനെത്തി.
മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണന്‍കുട്ടി എന്നിവരും കെ.ശാന്തകുമാരി എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു
പിന്നീട് തുപ്പനാട് ജുമാ മസ്ജിദ് കബര്‍സ്ഥാനിലേക്ക്. മണ്ണോട് ചേര്‍ന്ന് നാലുപേരും. കണ്ണീരില്‍ കുതിര്‍ന്ന മൂന്ന്പിടി മണ്ണ് വാരിയിട്ട് ഉറ്റവരും നാട്ടുകാരും. ഉള്ളുലയ്ക്കുന്ന നിലവിളിയും പൊട്ടിക്കരച്ചിലുമായിരുന്നു പനയംപാടെത്തെങ്ങും.
അപകടസ്ഥലത്തുനിന്നും 300 മീറ്റര്‍കൂടി പിന്നിട്ടാല്‍ ഇവരുടെ വീടുകളില്‍ എത്തുമായിരുന്നു. മദ്രസപഠനം മുതല്‍ തുടങ്ങിയതാണ് നാലുപേര്‍ക്കിടയിലെ സൗഹൃദം.