തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. എം ആര്‍ അജിത് കുമാര്‍ എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച എല്‍ഡിഎഫ് മുന്നണിക്കകത്തും സിപിഎമ്മിനുള്ളിലും വലിയ ചര്‍ച്ചാവിഷയമായിരുന്നു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന തരത്തിലായിരുന്നു പല നേതാക്കളും വിമര്‍ശനം ഉന്നയിച്ചത്. സ്വകാര്യ സന്ദര്‍ശനത്തില്‍ എന്താണ് തെറ്റ് എന്ന തരത്തില്‍ മറ്റു ചില നേതാക്കള്‍ അജിത് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ആര്‍എസ്എസ് നേതാക്കളുമായി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വാര്‍ത്തകള്‍ വന്ന് 20 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
തൃശ്ശൂർ പൂരം കലക്കാൽ എ.ഡി.ജി.പി കൂട്ടുനിന്നെന്നും ഇത് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയായിരുന്നു എന്നതുൾപ്പടെ ഗുരുതര ആരോപണങ്ങളായിരുന്നു സി.പി.ഐ ഉന്നയിച്ചത്. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം വേണമെന്ന് തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽ കുമാറും ആവശ്യപ്പെട്ടിരുന്നു.എന്നാൽ, ഘടകകക്ഷികളിൽനിന്നടക്കം വലിയ സമ്മർദ്ദം ഉണ്ടായിട്ടും അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഇത് എല്‍ഡിഎഫില്‍ കടുത്ത ഭിന്നതയും ഉണ്ടാക്കി.
സംഭവം ഗൗരവമായി കാണണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ വിഷയത്തെ നിസ്സാരവത്കരിക്കുന്ന സമീപനമായിരുന്നു സിപിഎം സ്വീകരിച്ചത്. എഡിജിപി എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ നമ്മളെന്തിന്
ഉത്തരവാദിത്തമേല്‍ക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ടെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ആര്‍.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കണ്ടുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ആദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയാണ് എ.ഡി.ജി.പിയെ കൂടിക്കാഴ്ചയ്ക്കായി പറഞ്ഞയച്ചതെന്നും ഒരു മണിക്കൂര്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നുമായിരുന്നു സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ അറിവോടെ, രാഷ്ട്രീയദൗത്യമാണ് എ.ഡി.ജി.പി. നിര്‍വഹിച്ചതെന്നാണ് പ്രതിപക്ഷവാദം. മറിച്ചാണെങ്കില്‍ വിഷയം സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി മുഖ്യമന്ത്രി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നായിരുന്നു ചോദ്യം.
കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വകാര്യ സന്ദര്‍ശനമാണെന്നുമായിരുന്നു വിശദീകരണം.