കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ റോസമ്മ സോണിയായിരുന്നു എതിർ സ്ഥാനാര്‍ത്ഥി. 22 അംഗങ്ങൾ ഉള്ള ജില്ല പഞ്ചായത്തിൽ 14 വോട്ടുകൾ നേടിയാണ് ഹേമലത വിജയിച്ചത്. എതിർ സ്ഥാനാര്‍ത്ഥി 7 വോട്ടുകൾ നേടി. ഒരു അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു .കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. 2003–2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.
2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. 2005 കാലത്ത് വെള്ളാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡംഗം, വൈസ് പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ വെള്ളാവൂര്‍ സെൻട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമാണ്. 1995 മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഹേമലത പ്രേംസാഗര്‍ സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവംഗം, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി, ദേശീയ കൗണ്‍സിലംഗം എന്ന നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചങ്ങനാശേരി എൻഎസ്എസ്. കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഭര്‍ത്താവ്: പ്രേംസാഗര്‍. മക്കള്‍: സ്വാതി സാഗര്‍, സൂര്യ സാഗര്‍. കെ വി ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ജോൺ വി സാമുവൽ വരണാധികാരിയായിരുന്നു.