റാഞ്ചി: ഝാര്‍ഖണ്ഡിൻ്റെ 14-ാം മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് ഹേമന്ദ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്. റാഞ്ചിയിലെ മൊറാദാബാദ് മൈതാനിയിലായിരുന്നു ചടങ്ങ്.
ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ സഖ്യനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, കെ.സി. വേണുഗോപാല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത കെജ്‌രിവാള്‍, എം.പി. രാഘവ് ഛദ്ദ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മന്ത്രിസഭാ രൂപവത്കരണത്തില്‍ ഉടന്‍തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. നാലു എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയായിരിക്കും സഖ്യകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സ്വീകരിക്കുക. 81 ആംഗ നിയമസഭയില്‍ ഹേമന്ദ് സോറൻ്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യത്തിന് 56 സീറ്റാണ് ലഭിച്ചത്.
പരമാവധി 12 ആംഗ മന്ത്രിസഭയാണ് രൂപവത്കരിക്കാന്‍ കഴിയുക. നാല് എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുല സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന് നാലുമന്ത്രിമാരേയും ആര്‍.ജെ.ഡിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒന്നുവീതം മന്ത്രിമാരേയും ലഭിക്കും.