ജറുസലേം: ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അവകാശപ്പെട്ടു. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്.
ഇസ്രയേൽ ആക്രമണത്തിൽ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേലി മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബയ്റുത്തിലെ ആക്രമണത്തിൽ ആറ് ബഹുനിലക്കെട്ടിടങ്ങളാണ് തകർന്നത്. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എൻ. അറിയിച്ചു. യു.എസും ഫ്രാൻസുമുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച 21 ദിനവെടിനിർത്തൽ നിർദേശത്തെ അപ്പാടേ നിരാകരിക്കുന്നതാണ് ഇസ്രയേൽ നടപടി.
ഹിസ്ബുള്ളയ്ക്കെതിരേ ഒരാഴ്ചയായി ലെബനനിൽ തുടരുന്ന സൈനികനടപടി അവസാനിപ്പിക്കില്ലെന്ന് യു.എൻ. പൊതുസഭയിൽ ഇസ്രയേൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ഗാസയിൽ ഹമാസിനെതിരേ സമ്പൂർണവിജയം എന്ന യുദ്ധലക്ഷ്യം നേടുംവരെ ലെബനനിലും സൈനികനടപടി തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.